ചില ലിവ് ഇൻ റിലേഷൻഷിപ്പുകൾ വെറും നേരംപോക്കാണ് അലഹാബാദ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങൾക്ക് യാതൊരു ആത്മാർത്ഥതയുമില്ലെന്നും ചില ബന്ധങ്ങൾ ദുർബലമാണെന്നും കോടതി പറഞ്ഞു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ലിവ് ഇൻ റിലേഷനിലുള്ള യുവാവും യുവതിയും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമർശം.
20 വയസുള്ള ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിൽ ലിവിങ് ടുഗതെറിലാണെന്നും ഇവർക്ക് സംരക്ഷണം വേണമെന്നും കാണിച്ച് ഇരുവരും കോടതിയെ സമീപിച്ചത്.
യുവതിയുടെ അമ്മയുടെ സഹോദരി യുവാവിനെതിരെ ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും ഇവർ കോടതിയോട് ആവശ്യപ്പെട്ടു.
ജോലിയും കൂലിയുമില്ലാതെ യുവാവ് അലഞ്ഞ് നടക്കുകയാണെന്നും യാതൊരു വരുമാന മാർഗവുമില്ലാത്ത ഒരാളുടെ കൂടി തന്റെ സഹോദരിയുടെ മകൾ എങ്ങനെ ജീവിക്കുമെന്നും കാണിച്ചാണ് യുവതിയുടെ ആന്റിയുടെ പരാതി.
തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ എന്നിവ ഉൾപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 366 പ്രകാരമാണ് യുവതിയുടെ ആന്റി യുവാവിനെതിരെ കേസ് കൊടുത്തത്.
എന്നാൽ തനിക്ക് 20 വയസായെന്നും പ്രായപൂർത്തി ആയ വ്യക്തി ആണെന്നും ,സ്വന്തം കാര്യം തീരുമാനിക്കാനുള്ള പ്രായം ആയെന്നുമാണ് യുവതിയുടെ മറുപടി. യുവതിയുടെ മാതാപിതാക്കൾ തങ്ങൾക്കെതിരെ കേസ് കൊടുത്തിട്ടില്ല എന്നും യുവതി ചൂണ്ടിക്കാട്ടി.
ഇരു ഭാഗങ്ങളും കേട്ട ശേഷം ഹരജിക്കാർ ഉന്നയിച്ച വാദങ്ങൾ എഫ്ഐആർ റദ്ദാക്കുന്നതിന് മതിയായ കാരണങ്ങളല്ലെന്ന് കോടതി പറഞ്ഞു.
പല കേസുകളിലും ലിവ് ഇൻ റിലേഷനുകളെ അംഗീകരിച്ച് സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ ഹർജി നൽകിയ യുവതിയുടെയും യുവാവിന്റെയും പ്രായവും അവർ എത്രകാലം ഒന്നിച്ച് ജീവിച്ചു എന്നും അവരുടെ തീരുമാനം ശ്രദ്ധാപൂർവമാണോ എന്നിവയെല്ലാം നോക്കിയിട്ടാണ് കോടതിയുടെ പരാമർശം.
“ബഹുമാനപ്പെട്ട സുപ്രീം കോടതി, നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ട് എന്നതിലൊന്നും സംശയമില്ല, എന്നാൽ 20ഉം 22 ഉം വയസ്സ് പ്രായമുള്ള വ്യക്തികളാണ് ഇരുവരും. രണ്ട് മാസം മാത്രമാണ് ഇവർ ഒന്നിച്ച് ജീവിച്ചിട്ടുള്ളു.
ഇത്തരം താത്കാലിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ഇത് എതിർലിംഗത്തിലുള്ളവരോട് തോന്നുന്ന ആത്മാർത്ഥതയില്ലാതെയുള്ള വെറും അമിതമായ അഭിനിവേശമാണെന്നും ജസ്റ്റിസുമാരായ രാഹുൽ ചതുർവേദി മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി അടങ്ങുന്ന രണ്ടംഗ ബെഞ്ച് പറഞ്ഞത്.