തെറ്റിദ്ധരിച്ച് സംസാരിച്ച യുവതിയോട് പരിഭവമില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം! മന്ത്രി നന്നായാണ് സംസാരിച്ചത്, പക്ഷേ പെരുമാറ്റരീതി ശരിയായില്ലെന്ന് ഡോക്ടറായ യുവതി; വിമാനത്താവളത്തിലെ സംഭവത്തെക്കുറിച്ച് ഇരുവരുടെയും പ്രതികരണം

താന്‍ കാരണമാണ് വിമാനം വൈകിയെന്ന് തെറ്റിദ്ധരിച്ച് വനിതാ ഡോക്ടര്‍ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പരിഭവമില്ലെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമൊഴികെ ഒരു മന്ത്രിക്കും വിമാനത്താവളങ്ങളില്‍ പ്രത്യേക കീഴ്‌വഴക്കമില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. വിമാനത്താവളത്തില്‍ യുവതി കാര്യമറിയാതെയാണ് ക്ഷോഭിച്ച് സംസാരിച്ചതെന്നും, അത് വിവാദമാക്കണ്ടെന്നും മന്ത്രി വ്യക്തമാക്കി. താന്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അവര്‍ മറ്റു ചിലരുമായി ക്ഷോഭിച്ചു സംസാരിക്കുകയായിരുന്നു. കാര്യമറിയാന്‍ താന്‍ അടുത്തെത്തി.

ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കുന്നതിന് പാറ്റ്നയിലേക്കു പോകുകയാണെന്നാണ് ഇവര്‍ അറിയിച്ചത്. രാഷ്ട്രപതി എത്തുന്നതിനു വേണ്ടിയാണ് വിമാനം പിടിച്ചിട്ടതെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും കണ്ണന്താനം പറഞ്ഞു. നേരത്തെ തെറ്റിദ്ധാരണ മൂലമാണ് യുവതി മന്ത്രിയോട് കയര്‍ത്തു സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി വിമാനത്താവള അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു. രാഷ്ട്രപതിയുടെ യാത്രക്കുവേണ്ടിയാണ് മൂന്നു വിമാനങ്ങള്‍ വൈകിപ്പിച്ചത്. രണ്ടു മണിക്കൂറോളം വിമാനങ്ങള്‍ വൈകി.

എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളൊന്നും വഴി തിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.ഗുരുതര നിലയില്‍ കിടക്കുന്ന രോഗിയെ ചികിത്സിക്കാന്‍ യാത്ര തിരിച്ച വനിതാ ഡോക്ടറാണ് മന്ത്രിയോട് ക്ഷുഭിതയായി തട്ടിക്കയറിയത്. 2.45 നു പുറപ്പെടേണ്ട വിമാനമാണ് വിവിഐപിക്കുവേണ്ടി അധികൃതര്‍ വൈകിപ്പിച്ചത്. മന്ത്രിയോട് ക്ഷുഭിതയാകുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങള്‍ പുറത്തുവരുകയും അവ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം, കണ്ണന്താനത്തിന്റെ പെരുമാറ്റം ശരിയായില്ലെന്നാണ് ഡോക്ടര്‍ കൂടിയായ യാത്രക്കാരി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിന്റെ മുഴുവന്‍ വീഡിയോയല്ല പുറത്തുവന്നത്. ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു. മന്ത്രി നന്നായാണ് സംസാരിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ പെരുമാറ്റരീതി ശരിയായില്ല. മോദീജി മോദീജി എന്നു വിളിച്ച് വഴി തടഞ്ഞാല്‍ സാധാരണക്കാരന്റെ ജീവിതം തടസപ്പെടും. ഇത് മാറേണ്ടതാണ്. ഡോക്ടര്‍ പറഞ്ഞു.

Related posts