വെള്ളിത്തിരയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. ഈ വേളയിൽ സാം നടത്തിയ വൈകാരിക പ്രസംഗം കേട്ട് മുൻഭർത്താവിന്റെ അമ്മ അമല അക്കിനേനി അഭിമാനത്തോടെ കൈയടിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
സ്വകാര്യ ജീവിതത്തില്‍ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് സാമിനെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണമായി മാറിയത്. സമാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു തീരുമാനമായിരുന്നു ദീര്‍ഘകാലം പ്രണയിച്ച് വിവാഹം ചെയ്ത നടന് നാഗചൈതന്യയുമായി വിവാഹമോചിതയായത്. എന്തുകൊണ്ടവര്‍ വേര്‍പിരിഞ്ഞുവെന്നത് രണ്ടുപേരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായി അദ്ദേഹത്തിന്റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിട്ടിരിക്കുകയാണ് സമാന്ത. സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്.
സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന സമാന്തയ്ക്ക് പ്രത്യേക പുരസ്കാരം സീ തെലുങ്ക് ഒരുക്കിയിരുന്നു. തനിക്ക് പ്രേക്ഷകർ നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുള്ള സമാന്തയുടെ വൈകാരിക പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഈ പ്രസംഗത്തിന്റെ സമയം വേദിയിലുണ്ടായിരുന്ന അമലയുടെ പ്രതികരണമാണ്.
സമാന്തയുടെ വൈകാരികമായ വാക്കുകള്‍ കേട്ട് അഭിമാനത്തോടെയിരിക്കുന്ന അമലയെ ദൃശ്യങ്ങളില്‍ കാണാം. അതുമാത്രമല്ല സാമന്തയെ നോക്കി പുഞ്ചിരിക്കുകയും സാമന്തയുടെ വാക്കുകകൾ കേട്ട് കൈയടിക്കുകയും ചെയ്യുന്നുണ്ട് അമല. നിരവധി പേര് ഇതിന് വളരെ പോസിറ്റീവായ പ്രതികരണം കുറിക്കുന്നുണ്ട്.
2017-ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ല്‍ സാമും നാഗചൈതന്യയും തങ്ങള്‍ വേർപിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നാഗചൈതന്യ പിന്നീട് ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു. സാമന്ത ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.