ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി ഉപയോക്താവിന് എത്തിച്ചു നൽകാത്തതിനെത്തുടർന്ന് ആമസോണിന് 40,000 രൂപ മുംബൈ ഉപഭോക്തൃ കോടതി പിഴ ചുമത്തി.
മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് രണ്ടിനാണ് യുവതി ആമസോൺ വഴി രാഖി ഓർഡർ ചെയ്തത്. ഓഗസ്റ്റ് എട്ടിനും 13നും ഇടയിൽ എത്തിക്കുമെന്നായിരുന്നു കന്പനിയുടെ അറിയിപ്പ്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 14ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ ആമസോൺ തിരികെ നൽകി.
യുവതി തുടർന്നു നടത്തിയ അന്വേഷണത്തിൽ ട്രാക്കിംഗ് ഐഡി വ്യാജമാണെന്നു കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നും ഡെലിവറി ചെയ്തില്ലെന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകുകയായിരുന്നു.
വിഷയത്തിൽ വാദം കേട്ട മുംബൈ ഉപഭോക്തൃ കോടതി യുവതിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉത്തരവിടുകയും ചെയ്തു.