കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി കൊച്ചിയിലെത്തിച്ച തിമിംഗലഛര്‍ദി(ആംബര്‍ഗ്രീസ്) പോലീസ് വനം വകുപ്പിന് കൈമാറി. സംഭവത്തില്‍ വനം വകുപ്പ് വിശദമായ പരിശോധന നടത്തി വരികയാണ്. രണ്ടരക്കോടി വിലവരുന്ന തിമിംഗല ഛര്‍ദി പിടികൂടിയ കേസില്‍ രണ്ട് യുവാക്കളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫോര്‍ട്ട്കൊച്ചി സ്വദേശി മുഹമ്മദ് സുഹൈല്‍(20), ലക്ഷദ്വീപ് കല്‍പ്പേനി സ്വദേശി സുഹൈല്‍ സഹീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 1.35 കിലോ ഗ്രാം തിമിംഗല ഛര്‍ദിയാണ് പിടികൂടിയത്. കല്‍പ്പേനി സ്വദേശിയായ സുഹൈല്‍ ആണ് ലക്ഷദ്വീപില്‍ നിന്ന് വില്‍പ്പനക്കായി തിമിംഗല ഛര്‍ദി കേരളത്തിലെത്തിച്ചത്.
നാട്ടുകാരന് കൈമാറിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഫോര്‍ട്ട്കൊച്ചിയില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ മുഹമ്മദ് സുഹൈലുമായി ചേര്‍ന്ന് വില്ക്കാന് പദ്ധതി ഇടുകയായിരുന്നു. ഇതിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തുടര്‍ന്ന് തിമിംഗല ഛര്‍ദി വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റ് ഇട്ടു. സൈബര്‍ പോലീസ് ഇത് കണ്ടതോടെ പ്രതികള്‍ പോലീസ് നിരീക്ഷണത്തിലായി.
വ്യാജ അക്കൗണ്ടില്‍ നിന്ന് പോലീസ് പ്രതികളുമായി ചാറ്റ് ചെയ്തു. 35 ലക്ഷം രൂപ നല്കിയാല് ഒരു കിലോ ഗ്രാം തിമിംഗില ഛര്‍ദി എത്തിക്കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. ഒടുവില്‍ 25 ലക്ഷത്തിന് പോലീസ് ഡീല്‍ ഉറിപ്പിച്ചു.തുടര്‍ന്ന് സൈബര്‍ പോലീസ് വിവരം ഡാന്‍സാഫിന് കൈമാറി. ചൊവ്വാഴ്ച ഫോര്‍ട്ടുകൊച്ചി റോറോ ജെട്ടിക്ക് സമീപം 35 ഗ്രാം സാമ്പിളുമായി മുഹമ്മദ് സുഹൈല്‍ എത്തി. ഇടപാടുകാരെന്ന വ്യാജേനെ പോലീസ് ഇതുവാങ്ങി പരിശോധനയ്ക്കായി കൊണ്ടുപോയി.
വൈകിട്ട് തിരികെയെത്തി ഒര്‍ജിനലെന്ന് അറിയിച്ചു. പിന്നാലെ മുഹമ്മദ് സുഹൈലിന് പണം നേരിട്ട് കാണണമെന്നായതോടെ പോലീസ് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കല്‍പ്പേനി സ്വദേശിയായ സുഹൈലിനെ അറസ്റ്റ് ചെയ്തത്.