കൊച്ചി: താരസംഘടന “അമ്മ’യിലെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന് ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കൂടുതല്‍ പേര് രംഗത്ത്. തെരഞ്ഞെടുപ്പില്‍നിന്ന് ബാബുരാജ് പിന്മാറണമെന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ആരോപണ വിധേയനായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
ബാബുരാജിനെതിരേ ഒന്നിലധികം കേസുകള്‍ നിലവിലുള്ളതിനാല്‍, അവ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണം. ഇത് വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നല്‍കണമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
ബാബുരാജ് മത്സര രംഗത്തുനിന്ന് പിന്മാറണമെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാബുരാജ് മത്സരിക്കുമെന്ന് നിലപാടില്‍ ഉറച്ചു നില്ക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. ബാബുരാജ്, അനൂപ് ചന്ദ്രന്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, രവീന്ദ്രന് എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
അന്തിമ മത്സരചിത്രം നാളെ അറിയാം
അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്നോടെ അവസാനിക്കും. നാലിന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുന്‍തൂക്കം. ദേവന്, അനൂപ് ചന്ദ്രന് എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേര്. പത്രിക സമര്‍പ്പിച്ചെങ്കിലും രവീന്ദ്രനും ജയന് ചേര്‍ത്തലയും പിന്മാറിയതായാണ് വിവരം. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.