അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് അന്ന രേഷ്മ രാജൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും അന്നയ്ക്കു നേരിടേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം അന്നയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ശരീരത്തിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നിക്കുന്ന ആ വീഡിയോയ്ക്ക് താഴെയും മോശം കമന്റുകൾ നിറഞ്ഞിരുന്നു. എന്തുപറ്റി എക്സ്ട്രാ ഫിറ്റിംഗ് എടുത്തുമാറ്റിയോ? എന്നൊക്കെയായിരുന്നു അധിക്ഷേപ കമന്റുകൾ. ഇപ്പോഴിതാ, അത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അന്ന. സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിംഗ് ഉപയോഗിക്കാൻ മറന്നതല്ല.
എന്റെ ഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോൾ എന്റെ വണ്ണം കുറഞ്ഞു, എനിക്കിപ്പോൾ വളരെ സന്തോഷമുണ്ട്, ശരീരം ആരോഗ്യമുള്ളതായി തോന്നുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഞാൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്.
തടി കുറച്ചപ്പോൾ എനിക്ക് മുമ്പത്തേക്കാൾ ചെറുപ്പമായതുപോലെ തോന്നുന്നു. ഇപ്പോഴും ഞാൻ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞാൻ എക്സ്ട്രാ ഫിറ്റിംഗ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകൾ കാണാറുണ്ട്. സത്യം പറഞ്ഞാൽ ഞാൻ അത് ആസ്വദിച്ചു.
കാരണം ഇതാണ് ഞാൻ ആഗ്രഹിച്ചിരുന്ന യഥാർഥ ഞാൻ. ഒടുവിൽ, ഞാൻ അത് നേടി. എല്ലാ യൂട്യൂബർമാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഞാൻ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാൽ ദയവായി, തുടരുക.
പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക. പക്ഷേ അത് ദയയോടെ ആയിരിക്കട്ടെ- അന്ന രാജൻ കുറിച്ചു.നേരത്തെയും തന്റെ അസുഖത്തെ കുറിച്ച് അന്ന വെളിപ്പെടുത്തിയിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് ഞാൻ.
ഇതിന്റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഞാന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. എന്റെ വീഡിയോ കാണാന്‍ താത്പര്യമില്ലാത്തവര്‍ കാണേണ്ട-എന്നായിരുന്നു ബോഡി ഷെയ്മിംഗ് കമന്റുകളോട് മുന്‍പൊരിക്കൽ അന്ന പ്രതികരിച്ചത്.

