സ്കെലി ആന്റ് ഈറ്റർ എന്നാണ് ഈനാംപേച്ചികൾ പൊതുവെ അറിയപ്പെടുന്നത്. മാംസത്തിന് രുചി കൂടുതലായതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ. ഇവയുടെ മാംസത്തിന് ചൈനയിൽ കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വിലയുണ്ട്. മരുന്നായും ഇവയെ ഉപയോഗിക്കുന്നുണ്ട്.
ഈനാംപേച്ചികൾ ചിതലുകളെയും ഉറുമ്പുകളെയും കഴിക്കുന്നതു മൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവയ്ക്ക് നല്ല പങ്ക് ഉണ്ട്. ശരീരത്തിന് ഔഷധ ഗുണം കൂടുതലായതുകൊണ്ട്തന്നെ ഭൂമിയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ജീവികളിൽ ഒന്നാണ് ഈനാംപേച്ചികളെന്നാണ് വന്യജീവി വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വേട്ടയാടപ്പെടലിന് അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാത്രികാല സസ്തനികൾ പൂർണമായും അപ്രത്യക്ഷമായേക്കാമെന്നാണ് വന്യജീവി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
മനുഷ്യന്റെ നഖങ്ങളിൽ കാണപ്പെടുന്ന അതേ വസ്തുവായ കെരാറ്റിൻ ചെതുമ്പലുകളാണ് ഇവയുടെ ശരീരത്തെ പൊതിഞ്ഞു പിടിക്കുന്നത്. 45 ഇഞ്ച് മുതൽ 4.5 അടി വരെ വലിപ്പമുള്ള ഈനാംപേച്ചികൾ ലോകമെമ്പാടുമുള്ള എട്ട് വ്യത്യസ്ത ഇനങ്ങളിലായി കാണപ്പെടുന്നു.