കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനായ ആന്റി റാബിസ് കേരളം കൂടുതൽ വാങ്ങിയത് കഴിഞ്ഞ വർഷം. നായശല്യവും പേവിഷബാധയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2024-25 സാമ്പത്തിക വര്‍ഷത്തിൽ പത്തു ലക്ഷം ഡോസ് വാക്സിന്നാണ് വാങ്ങിയത്.
42.03 ലക്ഷം ഡോസ് ആന്റി റാബിസ് വാക്സിൻ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കേരളം ശേഖരിച്ചു.2016-17ല്‍ രണ്ടു ലക്ഷം വാക്സിനാണ് ആവശ്യമായി വന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും വാക്സിന് ഡോസ് ഉപയോഗിച്ചതിന്റെ അളവ് വര്‍ധിച്ചതായും വിവരാവകാശ നിയമപ്രകാരം സംസ്ഥാന അനിമല്‍ ഡിസീസ് കണ്ട്രോള് പ്രൊജക്ടില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
2017-18ല്‍ നാലു ലക്ഷം, 2020-21ലും 2021-22ലും ആറു ലക്ഷം വീതവും വാക്സിന് വാങ്ങി.ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 4.29 കോടി രൂപ ആന്റി റാബിസ് വാക്സിന് വാങ്ങുന്നതിനായി ഉപയോഗിച്ചു. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ആന്റി റാബി വാക്സിന് സ്റ്റോക്കുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ 1.27 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്.
എറണാകുളത്ത് 78,280, കോട്ടയത്ത് 1,06,000 കോഴിക്കോട് 16,000 ഡോസുകള്‍ വീതമുണ്ട്.സ്വകാര്യ കമ്പനികളില്‍ നിന്നാണ് ആന്റി റാബി വാക്സിന് പ്രധാനമായും ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം ഡോസ് ഒന്നിന് 14.7 രൂപയ്ക്കായിരുന്നു വാങ്ങിയതെങ്കില്‍ തൊട്ടു മുമ്പുള്ള വര്‍ഷം 10.99 ആയിരുന്നു നിരക്ക്. 2016-17ല്‍ 6.95 രൂപയ്ക്കാണ് ഒരു ഡോസ് ലഭിച്ചതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.’
സിജോ പൈനാടത്ത്