പത്തനംതിട്ട: ചെങ്ങന്നൂർ – ആറന്മുള ഉൾനാടൻ ജലഗതാഗതപാതയും ഗ്രാമീണ വിനോദ സഞ്ചാര പദ്ധതിയും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നീക്കം.പമ്പ നദിയുടെ പുനർ ജീവനുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയാണ് സ്വകാര്യമേഖലയ്ക്ക് നൽകാൻ സർക്കാർതലത്തിൽ നീക്കം നടത്തുന്നത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വിവിധ സർക്കാർ ഏജൻസികൾ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് വിഭാവനം ചെയ്തിരുന്നത്.എന്നാൽ കണ്ണൂരിൽ നിന്നുള്ള സ്വകാര്യ ഏജൻസി ഇതുസംബന്ധിച്ച് പഠനവുമായി കഴിഞ്ഞദിവസം ആറന്മുളയിൽ എത്തിയിരുന്നു. ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.
എന്നാൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ടൂറിസം സാധ്യതകൾ പരമാവധി വികസിപ്പിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് പുതിയ നീക്കമെന്നു പറയുന്നു. ഇതിന്റെ ഭാഗമായി പന്പയുടെ തീരത്ത് നിലവിൽ ടൂറിസം വകുപ്പും ഡിടിപിസിയും പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്കായി കൈമാറേണ്ടിവരും.
8.5 കിലോമീറ്റർ ദൂരം
8.5 കിലോമീറ്റർ ദൈർഘ്യമുള്ള ചെങ്ങന്നൂർ – ആറന്മുള – പമ്പ ജലഗതാഗത പാത ഉൾനാടൻ പാതയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്.ഇത് യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരമേഖലയ്ക്കും തീർഥാടന ടൂറിസത്തിനും സാധ്യതകൾ വർധിക്കുമെന്നു കണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
പതിറ്റാണ്ടുകൾക്കു മുന്പ്ആലപ്പുഴയിൽനിന്ന് ചെങ്ങന്നൂരിലേക്ക് യാത്രാ ബോട്ട് സർവീസ് നിലനിന്നിരുന്നു. ചെങ്ങന്നൂർ – ഇറപ്പുഴ കടവിൽ ബോട്ട് ജെട്ടിയുടെ തിരുശേഷിപ്പ് ഇപ്പോഴും നിലവിലുണ്ട്. കച്ചേരിപ്പടിക്ക് മുകൾഭാഗത്തുള്ള കോയിക്കൽ കടവുവരെ ബോട്ടുകൾ വരാനുള്ള സൗകര്യം ഉണ്ടെന്നും ആഞ്ഞിലിമൂട്ടിൽ കടവിൽ ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് ഭൂമി ഉള്ളതിനാൽ ബോട്ടുജെട്ടി പണിയാമെന്നും നാട്ടുകാർ പറയുന്നു.
പാത യാഥാർഥ്യമായാൽ ആലപ്പുഴയിൽ നിന്നും ആറന്മുള വരെ ജലഗതാഗത പാത ഉപയോഗിക്കാനാകും.പാരമ്പര്യവും ഭക്തിയും ചരിത്രവും ഉൾപ്പെടുത്തിയുള്ള പദ്ധതിയിൽ ആറന്മുള ക്ഷേത്രം, വാസ്തുവിദ്യ ഗുരുകുലം,പള്ളിയോടം, ആറന്മുള കണ്ണാടിയുടെ നിർമാണം, തിരുവോണത്തോണി, മാരാമൺ കൺവൻഷൻ എന്നിവയ്ക്കെല്ലാം സ്ഥാനമുണ്ടാകും.
പ്രാഥമിക പഠനം നടത്തിയത് സർക്കാർ വകുപ്പുകൾ
ജല ടൂറിസത്തിന്റെ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ഇറിഗേൻ, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായാണ് സാധ്യതാ പഠനം നടത്തിയിരുന്നത്.
ഇടശേരിമല, കുളപ്പുരക്കടവ്, വിളക്കുമാടം കടവ്, മാലക്കര വാട്ടർ കമ്മീഷൻ കേന്ദ്രം, ആറാട്ടുപുഴ, പുത്തൻകാവ്, മിത്രമഠംകടവ്, ചെങ്ങന്നൂർ തുടങ്ങി 13 സ്ഥലങ്ങളിൽ ജെട്ടി പണിയാനും നിർദേശമുണ്ടായതാണ്.
കോയിക്കൽ കടവ് മുതൽ പരപ്പുഴ കടവുവരെ ബ്രിഡ്ജ് ചെയ്ത് ആഴം കൂട്ടാനും നിർദേശം ഉണ്ടായിരുന്നു എന്നാൽ ഇതെല്ലാം മാറ്റി പുതിയ പ്ലാനും പദ്ധതിയുമായി സ്വകാര്യ സംരംഭങ്ങൾ എത്തിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നു നാട്ടുകാർ പറഞ്ഞു.