വാഷിംഗ്ടൺ ഡിസി: അർമേനിയയും അസർബൈജനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാനും അസർബൈജൻ പ്രസിഡന്റ് ഇൽഹാം അലിയേവും ട്രംപിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാറിൽ ഒപ്പുവച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ഇരുവരും ട്രംപിന്റെ മുന്നിൽ ഹസ്തദാനം ചെയ്തു.
നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി 35 വർഷമായി സംഘർഷത്തിലായിരുന്നു ഇരു രാജ്യങ്ങളും. മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ അർമേനിയൻ ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള സ്ഥലമായിരുന്നിത്. 2023 സെപ്റ്റംബറിൽ നാഗോർണോ പ്രദേശം അസർബൈജാൻ പിടിച്ചെടുത്തതിനെത്തുടർന്ന് അർമേനിയൻ വംശജർക്ക് അർമേനിയയിലേക്കു പലായനം ചെയ്യേണ്ടിവന്നു. ഇനി ഏറ്റുമുട്ടില്ലെന്ന് അർമേനിയയും അസർബൈജാനും വാഗ്ദാനം ചെയ്തതായി ട്രംപ് പറഞ്ഞു.
നയതന്ത്രബന്ധവും വാണിജ്യവും പുനസ്ഥാപിക്കും. യുദ്ധവും രക്തച്ചൊരിച്ചിലും മൂലം ഒട്ടേറെ വർഷങ്ങൾ നഷ്ടപ്പെട്ടുവെന്ന് അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു. സമാധാനത്തിന്റെ നാഴികക്കല്ലാണ് കരാണെന്ന് അർമേനിയൻ പ്രധാനമന്ത്രി പറഞ്ഞു.