ഷാങ്ഹായ്: യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ യുവതിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരിൽനിന്ന് ദുരനുഭവം നേരിട്ടതായി പരാതി.
അരുണാചൽപ്രദേശുകാരിയായ പ്രെമ വാംഗ്ജോം തോംഗ്ഡോക് എന്ന യുവതിക്കാണ് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് ഉണ്ടായിരുന്ന ഷാങ്ഹായിയിലെ പുഡോംഗ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്.
കഴിഞ്ഞ 21നായിരുന്നു സംഭവം. ഇമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്പോർട്ടിനു സാധുതയില്ലെന്ന് പറയുകയും 18 മണിക്കൂറോളം തടഞ്ഞുവയ്ക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. പാസ്പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്.
അരുണാചൽപ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും യുവതി ആരോപിച്ചു. നിരവധി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈന ഈസ്റ്റേൺ എയർലൈൻസ് ജീവനക്കാരും തന്നെ കളിയാക്കുകയും ചിരിക്കുകയും ചെയ്തതായും യുവതി പറയുന്നു.
സാധുവായ വീസ ഉണ്ടായിരുന്നിട്ടും ജപ്പാനിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറുന്നതിൽനിന്നു തന്നെ തടയുകയും പാസ്പോർട്ട് തടഞ്ഞുവയ്ക്കുകയും ചെയ്തെന്നും പ്രെമ പറഞ്ഞു. ട്രാൻസിറ്റ് ഏരിയയിലായിരുന്നതിനാൽ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനോ ഭക്ഷണം വാങ്ങാനോ ടെർമിനലുകൾ മാറാനോ സാധിച്ചില്ല.
ഒടുവിൽ, യുകെയിലുള്ള സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും പിന്നീട് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രെമയെ രാത്രി വൈകിയുള്ള വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. തനിക്കു നേരിടേണ്ടിവന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അരുണാചൽപ്രദേശിലെ പൗരന്മാർക്കു നേരേയുള്ള അപമാനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും അയച്ച കത്തിൽ പ്രെമ കുറിച്ചു.
വിഷയം ചൈനയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഇതിൽ ഉൾപ്പെട്ട ഇമിഗ്രേഷൻ, എയർലൈൻ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും അവർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ ചൈനയെ പ്രതിഷേധം അറിയിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പരസ്പരബന്ധം സാധാരണനിലയിലാക്കാൻ ഇരുരാജ്യങ്ങളും നീക്കങ്ങൾ നടത്തിവരവെ ഇന്ത്യൻ വംശജയായ യുവതിക്കുനേരേ ഷാങ്ഹായ് വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് അനാവശ്യ നടപടിയാണെന്നും സർക്കാർ വക്താവ് പ്രതികരിച്ചു.

