മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മല്ലപ്പള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആശാപ്രവര്‍ത്തക പൊള്ളലേറ്റു ചികിത്സയിലായിരുന്ന പുളിമലയില്‍ ലതാകുമാരി (61) മരിച്ചു.സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്.
വീട്ടില്‍ അതിക്രമിച്ചു കയറി തീവച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം 4.30 ഓടെയാണ് ലതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. വീടിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ കൃഷ്ണപുരം സ്വദേശിനി സുമയ്യ സുബൈര്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ കട്ടിലില്‍നിന്ന് പിടിച്ച് എഴുന്നേല്പിച്ച് കസേരയില്‍ ഇരുത്തി കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിച്ചതായുംമാലയും വളയും മോതിരവും കവര്‍ന്നശേഷം കത്തികൊണ്ട് മുഖത്ത് കുത്തി മുറിവേല്പിച്ചതായും തുടര്‍ന്ന് കട്ടിലില്‍ ബന്ധിപ്പിച്ച ശേഷം മെത്തയ്ക്ക് തീയിട്ടതായും എസ്ഐ കെ.രാജേഷിന് നല്കിയ മൊഴിയില്‍ ലതാകുമാരി പറഞ്ഞിരുന്നു.
പൊള്ളലേറ്റും മുറിവുകളേറ്റും ഗുരുതരാവസ്ഥയിലാണ് സുമയ്യയെ ആശുപത്രിയിലെത്തിച്ചത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.പരാതിയെത്തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ ക്വാര്‍ട്ടേഴ്സ് പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു. കീഴ്വായ്പൂര് പോലീസ് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, കോയിപ്രം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദും കുടുംബവും താമസിക്കുന്ന ക്വാര്ട്ടേഴ്സസിന്റെ ശൗചാലയത്തിലെ ഫ്ളഷ് ടാങ്കില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി.
വിരലടയാള വിദഗ്ധരും, ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു. തിരുവല്ല ഡി വൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരടങ്ങുന്ന സംഘവുമാണ് അന്വേഷണം നടത്തിയത്. കീഴ വായപൂര് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥാണ് സുമയ്യയെ അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റ ലത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി 11 ഓടെയാണ് മരിച്ചത്. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മരുമകന് എത്തിയതിനുശേഷം സംസ്കാരം നടത്തും.