തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അതിജീവന രാപകല്‍ സമരം നടത്തിവരികയായിരുന്ന ആശാപ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനിമുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ സമരം തുടരുമെന്ന് ആശ സമരസമിതി നേതാക്കളായ ബിന്ദു, മിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാപ്പകല്‍ സമരം വലിയ വിജയമായിരുന്നുവെന്നും അഭിമാനത്തോടെയാണു സമരം നിര്‍ത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശമാര്‍ക്ക് ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞവരെ കൊണ്ട് ആയിരം രൂപ വര്‍ധിപ്പിക്കാന്‍ സാധിച്ചത് സമരത്തിന്റെ വിജയമാണ്. ഓണറേറിയം 21, 000 രൂപയാക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരരീതി ജില്ലാ കേന്ദ്രങ്ങളില്‍ തുടരും.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വരികയായിരുന്ന 265 ദിവസത്തെ രാപ്പകല്‍ സമരമാണ് അവസാനിപ്പിക്കുന്നത്.സിഐടിയുവും സിപിഎം നേതാക്കളും ആശമാരെ അപമാനിച്ചു. സിഐടിയു നേതാവ് എളമരം കരിം പറഞ്ഞത് ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്നാണ്.
എന്നാല്‍ ആശമാര്‍ സമരം ചെയ്ത് സര്‍ക്കാരിനെക്കൊണ്ട് 1,000 രൂപ വര്‍ധിപ്പിച്ചപ്പോള്‍ അതിന്റെ ക്രഡിറ്റെടുക്കാന്‍ സിഐടിയു നേതാക്കള്‍ എട്ടുകാലി മമ്മൂഞ്ഞായി മാറുന്നുവെന്ന് സമരസമിതി നേതാക്കള്‍ പരിഹസിച്ചു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനപ്രതിസന്ധിയുണ്ടെന്നു പറഞ്ഞ മന്ത്രിമാരും സര്‍ക്കാരും ധാരാളം പണം ധൂര്‍ത്തടിക്കുകയാണെന്നും ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു.
രാപ്പകല്‍ സമരം നാളെ അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പ്രതിജ്ഞാറാലി സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. രാപകല്‍ സമരത്തിന് പിന്തുണ നല്കിയ എല്ലാവരോടും നന്ദിയുണ്ടെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.


 
  
 