കാൺപുർ: കാൺപുരിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ എ ടീമുകളുടെ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയെ 171 റൺസിന് തോൽപ്പിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിംഗ്. ഓപ്പണർ പ്രിയാൻഷ് ആര്യയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും സെഞ്ച്വറികൾ വിജയത്തിൽ നിർണായകമായി.
ചൊവ്വാഴ്ച മഴ കളി നിർത്തിയതിനെത്തുടർന്ന് റിസർവ് ദിനത്തിൽ പരമ്പര ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ പ്രിയാൻഷ് ആര്യയുടെ 101, അയ്യറുടെ 110 റൺസിന്റെ പിൻബലത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 413 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എ 33.1 ഓവറിൽ 242 റൺസിന് പുറത്തായി.
ആര്യ-പ്രഭ്സിമ്രാൻ സിംഗ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 20.3 ഓവറിൽ 135 റൺസ് നേടി. തുടർന്ന് അയ്യർ ഇന്നിംഗ്സിന്റെ ചുമതല ഏറ്റെടുത്തു. 12 ഫോറുകളും നാല് സിക്സറുകളുമടങ്ങുന്നതാണ് അയ്യരുടെ ഇന്നിംഗ്സ്. റിയാൻ പരാഗ് (67), ആയുഷ് ബദോണി (50) എന്നിവർ അർധ സെഞ്ച്വറി നേടി. സ്പിന്നർമാരായ സിന്ധു, ബിഷ്ണോയ്, ബദോണി എന്നിവർ ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തി.
414 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ എയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും കൂപ്പർ കോണോളിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ തകർച്ച തുടങ്ങി. അവസാന ഒമ്പത് വിക്കറ്റുകൾ 126 റൺസിന് നഷ്ടപ്പെട്ടു. ഓപ്പണർ മക്കെൻസി ഹാർവി 62 പന്തിൽനിന്ന് 68 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി, ക്യാപ്റ്റൻ സതർലാൻഡ് 33 പന്തിൽനിന്ന് 50 റൺസ് നേടി.
ഓസ്ട്രേലിയയെ അടിച്ചുതകർത്ത് ഇന്ത്യ; ജയം 171 റൺസിന്
