കൊച്ചി: സിനിമയിലെ വ്യത്യസ്ത വെല്ലുവിളികളോട് പോരാടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). “മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയില്‍ എത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
ഗായിക പുഷ്പവതി, നടിമാരായ ഉര്‍വശി, ശ്വേതാ മേനോന്, നിര്‍മാതാവ് സാന്ദ്രാ തോമസ് എന്നിവരെ പേരെടുത്ത് പറഞ്ഞാണ് ഡബ്ല്യുസിസിയുടെ കുറിപ്പ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
സിനിമാ നയരൂപീകരണത്തിനായുള്ള കോണ്‍ക്ലേവില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ സ്ത്രീ ദളിത് സംവിധായകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ഡബ്ല്യുസിസി വിമര്‍ശിച്ചു. അടൂര്‍ തന്റെ സവര്‍ണ ജാതീയ ലിംഗഭേദ വീക്ഷണം ജനമധ്യത്തില്‍ വീണ്ടും തുറന്ന് കാണിച്ചുവെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി.
ഗായിക പുഷ്പവതിയെ കുറിച്ച് നടത്തിയ അപമാനകരമായ പ്രസ്താവനകളിലൂടെ തന്റെ പുരുഷാധിപത്യദളിത് വിരുദ്ധ നിലപാടുകള്‍ അദ്ദേഹം സംശയലേശമന്യെ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ സമീപനത്തേയും നിലപാടിനേയും അതിശക്തമായി അപലപിക്കുന്നതായും പുഷ്പവതിയെ പിന്തുണയ്ക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.
മലയാള സിനിമയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്ന ഈ സ്ത്രീശബ്ദങ്ങള്‍ അന്യമാണെന്ന് പറഞ്ഞ ഡബ്യുസിസി നടി ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്രസര്‍ക്കാരിന്റെ സിനിമാ പുരസ്കാര നിര്‍ണയത്തിനെതിരെയാണ്.
നിര്‍മാതാവ് സാന്ദ്രാ തോമസ് സംഘടനയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പോരാടുന്നത്. സിനിമാ സംഘടനകളുടെ മുന്‍നിരയിലേക്ക് വരുന്ന ശ്വേതാ മേനോന് ഉള്‍പ്പെടെയുള്ള സ്ത്രീകളോട് പുലര്‍ത്തിപ്പോരുന്ന നിലപാടുകളെ അപലപിക്കുന്നതായും കുറിപ്പില്‍ പറയുന്നു.