വൈപ്പിന്‍ : ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധന വള്ളം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം തുറമുഖ ഉപരോധം ആയി മാറി. ഇന്ന് രാവിലെയാണ് കൊച്ചി അഴിമുഖത്തുള്ള വൈപ്പിന്‍ ഫിഷറീസ് ഓഫീസ് ജെട്ടിക്ക് സമീപം തൊഴിലാളികള്‍ വള്ളങ്ങളുമായി എത്തി പ്രതിഷേധിച്ചത്. കായലില്‍ നൂറുകണക്കിന് വള്ളങ്ങള്‍ നിരനിരയായി ഉപരോധം സൃഷ്ടിച്ചതോടെ ജങ്കാര്‍ സര്‍വീസ് ഉള്‍പ്പെടെ മറ്റു യാനങ്ങളുടെയും യാത്രക്ക് തടസമായി.
ലൈസന്‍സ് പുതുക്കാത്ത ജപമാല എന്ന വള്ളം ഇന്നലെ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. രണ്ടര ലക്ഷം രൂപ ഫൈന്‍ ഈടാക്കാതെ വിട്ടുനല്‍കില്ലെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ച തോടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കടലില്‍ മത്സ്യം കുറഞ്ഞതോടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറഞ്ഞതും ,സര്‍ക്കാര്‍ വര്‍ഷംതോറും ലൈസന്‍സ് ഫീസ് കുത്തനെ വര്‍ധിപ്പിക്കുന്നതും മൂലം പാവപ്പെട്ട തൊഴിലാളികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ കഴിയാതെ വരുന്നു എന്നാണ് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സെക്രട്ടറി പി.വി.ജയന് പറയുന്നത്.
മാത്രമല്ല മത്സ്യത്തൊഴിലാളികള്‍ അടക്കുന്ന നിശ്ചിത തുകയില്‍ നിന്നും പഞ്ഞ മാസങ്ങളില്‍ നല്‍കാറുള്ള സാമ്പത്തിക വിഹിതം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലൈസന്‍സ് പുതുക്കാന്‍ സാവകാശം നല്‍കണമെന്നും പിഴ അടക്കില്ലെന്നും പിടിച്ചെടുത്ത വെള്ളം വിട്ടു നല്‍കണമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.