ധാക്ക: ബംഗ്ലാദേശി വ്യോമസേനയുടെ പരിശീലനവിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നുവീണ് 20 പേർ മരിച്ചു; 171 പേർക്കു പരിക്കേറ്റു. മരിച്ചവരിലേറെയും കുട്ടികളാണ്. തലസ്ഥാനമായ ധാക്കയിലെ ഉത്തര പ്രദേശത്ത് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജിലായിരുന്നു ദുരന്തം.
ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ രണ്ടുനിലക്കെട്ടിടത്തിൽ വിമാനം പതിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വലിയ ശബ്ദത്തിൽ വിമാനം വീണതിനു പിന്നാലെ തീപിടിത്തമുണ്ടായി. നാലിനും 18നും ഇടയിൽ പ്രായമുള്ളവരാണു സ്കൂളിൽ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ധാക്കയിലെ വ്യോമസേനാ താവളത്തിൽനിന്നു പരിശീലനത്തിനായി പറന്നുയർന്ന എഫ്-7 ബിജിഐ വിമാനത്തിനു സാങ്കേതിക തകരാർ ഉണ്ടാവുകയായിരുന്നുവെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റ് തൗക്രി ഇസ്ലാം ജനവാസമേഖല ഒഴിവാക്കാൻ ശ്രമിച്ചുവെന്നും അറിയിപ്പിൽ പറയുന്നു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു.
അപകടസ്ഥലത്ത് വൻ തീപിടിത്തമുണ്ടാകുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പൊള്ളലേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇവരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണു ബംഗ്ലാ വൃത്തങ്ങൾ നല്കുന്നത്.
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബംഗ്ലാ ഭരണാധികാരി പ്രഫ. മുഹമ്മദ് യൂനുസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്കു വേണ്ട സഹായം ലഭ്യമാക്കാൻ അദ്ദേഹം നിർദേശിച്ചു. ഇന്ന് ബംഗ്ലാദേശിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ട വിമാനം ചൈനീസ് നിർമിതമാണെന്നാണു റിപ്പോർട്ട്.