നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു. എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്. മാസ് ബങ്ക് അടിക്കാൻ പറ്റിയ മാസ് പിള്ളേർ വേണം എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ പുറത്തുവിട്ടിരിക്കുന്നത്.
18 മുതൽ 26 വയസ് വരെ പ്രായമുള്ള യുവതീയുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, ഒരു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ പത്തിനുള്ളിൽ basilananthu production01 @gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്.
കോളജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ടു ദിവസം മുമ്പ് തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ചിത്രത്തിന്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്തുവിടും.