തൊടുപുഴ: ഭിക്ഷാടനം നിരോധിച്ച നഗരത്തിൽ ഭിക്ഷാടക മാഫിയ വിലസുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളാണ് കൂടുതലായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്പടിച്ചു ഭിക്ഷാടനം നടത്തിവരുന്നത്. നഗരം ഭിക്ഷാടക മുക്തമാക്കിയിട്ടു വർഷങ്ങളായി. എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് ഭിക്ഷാടകമാഫിയ തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം സജീവമാക്കിയത്.
ഇതു വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ദിവസത്തിൽ പലപ്രാവശ്യം ഒരു കടയിൽത്തന്നെ ഭിക്ഷാടനത്തിന് ഇവർ എത്തുന്നുണ്ട്. ഇതിനു പുറമേ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തുണിക്കടകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഭിക്ഷാടനം സജീവമാണ്. സമീപനാളിലെങ്ങും ഇല്ലാതിരുന്ന ഇവർ എവിടെനിന്ന് എത്തിയതാണെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതിനു പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് സൂചന.
നടത്തിപ്പുകാരുടെ കൈകളിൽ
രാവിലെ വാഹനത്തിൽ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചു ഭിക്ഷാടകരെ എത്തിച്ച ശേഷം വൈകുന്നേരം തിരികെ കൊണ്ടുപോകും. ദിനംപ്രതി ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഇവർക്കു നൽകും. ഇപ്രകാരം വിവിധ ടൗണുകളിൽനിന്നായി ദിനംപ്രതി ആയിരക്കണക്കിനു രൂപ നടത്തിപ്പുകാരുടെ കൈകളിലെത്തും. അവസരം ലഭിച്ചാൽ മോഷണം ഉൾപ്പെടെയുള്ളവയും നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകൽ അടക്കം നടത്തുന്നത് ഇത്തരം ഭിക്ഷാടക സംഘങ്ങളാണ്. നഗരത്തിലെ വ്യാപാരികൾക്കും ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഭിക്ഷാടകസംഘം തലവേദന സൃഷ്ടിക്കുന്നുണ്ട്. അടിയന്തരമായി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഭിക്ഷാടന നിരോധനം ഫലപ്രദമായി നടപ്പാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
നടപടി വേണം
തൊടുപുഴ: ഭിക്ഷാടന വിമുക്തമാക്കിയ നഗരപ്രദേശത്തു സമീപനാളിൽ ഭിക്ഷാടകരുടെ എണ്ണം വർധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കൂടുതലായും എത്തുന്നത്. ഇതു വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു മർച്ചന്റ്സ് അസോ.പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു നഗരസഭാ ചെയർമാനു കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.