ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിംഗ് ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ സിപിആർ നൽകി രക്ഷപ്പെടുത്തിയത്.
ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്നു കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്കു പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽനിന്നു ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തുനിന്നു വന്ന ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽനിന്നു നിലവിളി കേട്ടാണ് മുൻ സീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്കു നോക്കിയത്.
അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്കു മറ്റൊരു സ്ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ തറയിൽ കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആർടിസി ബസിൽത്തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അടിയന്തര ചികിത്സ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്യുന്ന ബിൻസി ചേർത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികർത്ത് സിബിയുടെ ഭാര്യയാണ്. മക്കൾ: വിദ്യാർഥികളായ അലക്സ്, ബേസിൽ. ബിൻസിയെ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. സന്ധ്യയുടെ നേതൃത്വത്തിൽ ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിച്ചു.