വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നതിൽ മലയാളിയായ ക്യാപ്റ്റൻ മിൽട്ടൺ ജേക്കബിന് അഭിമാനം മാത്രം. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ കപ്പലോടിച്ചു കയറ്റിയിട്ടുണ്ടെങ്കിലും ഇത്ര സുരക്ഷിതമായ തുറമുഖം മറ്റൊന്നില്ല. ഇതൊരു തുടക്കം മാത്രമാണ്, വിഴിഞ്ഞം ഇനിയും വളരും, വെൽപ്ലാന്റ് പോർട്ടാണ്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലായ എംഎസ് ഐറിന ക്ലാസിൽപ്പെട്ട മിഷേൽകപ്പെല്ലിനിയുടെ ക്യാപ്റ്റനാണ് തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ മിൽട്ടൺ ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞത്തു ലോകോത്തര വമ്പൻ കപ്പൽ ആദ്യമായി അടുപ്പിക്കാൻ കഴിഞ്ഞതിൻന്റെ ചാരിതാർഥ്യത്തിലാണ് ഈ 54കാരൻ.
400 മീറ്റർ നീളവും 61 മീറ്റർ വീതിയും 24346 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള മിഷേൽ കപ്പെല്ലിനി എന്ന കപ്പൽഭീമനെയും ആനയിച്ചു ഞായറാഴ്ച രാത്രിയിലാണ് മിൽട്ടൺ വിഴിഞ്ഞത്ത് എത്തിയത്. എംഎസ്സിയുടെ ആഫ്രിക്കൻ എക്സ്പ്രസ് സർവീസിന്റെ ഭാഗമായി സിംഗപ്പൂരിൽനിന്ന് ഘാനയിലേക്കുള്ള യാത്രാമധ്യേ 4000 കണ്ടെയ്നറുകൾ ഇറക്കുകയായിരുന്നു ലക്ഷ്യം.
നിശ്ചിത സമയത്തിനുള്ളിൽ വിജയകരമായി ദൗത്യം പൂർത്തിയാക്കി ഇന്നലെ മടങ്ങുന്നതിനു മുൻപാണ് കേരളത്തിന്റെ സ്വന്തം തുറമുഖത്ത് കാൽ കുത്തിയതിന്റെ സ ന്തോഷം പങ്കുവച്ചത്.ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഏറെ സുരക്ഷിതമായും വേഗത്തിലും കപ്പൽ അടുപ്പിക്കാൻ കഴിയുന്ന ഒന്നാണ് വിഴിഞ്ഞമെന്നും അദ്ദേഹം പറയുന്നു.
ഹോമിയോ ഡോക്ടറായ റിനി മിൽട്ടൺ ഭാര്യയാണ്. ഓസ്ട്രേലിയയിൽ മാസ്റ്റേഴ്സ് ഇൻ മെറ്റിരിയൽസയൻസ് വിദ്യാർഥിയായ കെവിൻ മിൽട്ടൺ മകനും, എട്ടാം ക്ലാസ് വിദ്യാർഥിനിയായ റേച്ചേൽ മിൽട്ടൺ മകളുമാണ്.
ഘാനയിൽ കപ്പൽ അടുപ്പിച്ചശേഷം കുടുംബത്തെ കാണാൻ നാട്ടിലേക്ക് തിരിക്കുമെന്നും ക്യാപ്റ്റൻ അറിയിച്ചു. കണ്ണൂർ സ്വദേശി ജൂണിയർ എൻജിനീയറായ പത്മനാഭനും മലയാളി സാന്ന്യധ്യമായി കൂടെയുണ്ട്. ആകെ 26 ജീവനക്കാരിൽ ഒരു റഷ്യക്കാരൻ ഒഴിച്ചാൽ എല്ലാവരും ഇന്ത്യാക്കാരാണ്.
- എസ്. രാജേന്ദ്രകുമാർ