കൊല്ലം: സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭ്യമാകാത്തതിനാൽ കേരളത്തിൽ 55 റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് റെയിൽവേ സ്വന്തമായി പണം ചെലവഴിക്കും. ഇത്തരം പാലങ്ങളുടെ നിർമാണത്തിന് 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ.
ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുന്നതിനുള്ള റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനാണ് റെയിൽവേയും സംസ്ഥാന സർക്കാരുകളും 50 ശതമാനം വീതം ചെലവ് പങ്കിടുന്നത്. എന്നാൽ ചെലവ് പങ്കിടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് കാരണം 55 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വൈകുന്നത്.
സുരക്ഷയ്ക്കാണ് റെയിൽവേ മുൻ ഗണന നൽകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ 50 ശതമാനം ധനസഹായം ഒഴിവാക്കി റെയിൽവേ തന്നെ തുക ചെലവഴിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ഈ 55 റെയിൽവേ ഓവർ ബ്രിഡ്ജുകളിൽ പദ്ധതികൾ അന്തിമമാക്കാനും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർണമാക്കാനും കഴിഞ്ഞത് 18 എണ്ണത്തിന് മാത്രമാണ്. ഇവയ്ക്ക് റെയിൽവേയുടെ 100 ശതമാനം ധനസഹായത്തോടെ നിർമാണം ആരംഭിക്കുന്നതിന് പുനർ അനുമതി നൽകി കഴിഞ്ഞു.
ഭൂമി ഏറ്റെടുക്കലിന് മാത്രം ഇവയ്ക്ക് 95 കോടി രൂപയാണ് റെയിൽവേ ചെലവഴിച്ചത്. ഈ 18 ഓവർ ബ്രിഡ്ജുകളുടെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. റെയിൽവേ 100 ശതമാനം ധനസഹായം വാഗ്ദാനം ചെയ്ത ബാക്കി 37 ഓവർ ബ്രിഡ്ജുകളുടെ പ്ലാൻ അംഗീകാരവും ഭൂമി ഏറ്റെടുക്കലും സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നും റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ 55 ഓവർ ബ്രിഡ്ജുകൾക്ക് പുറമേ തിരക്കേറിയ ലവൽ ക്രോസിംഗുകളിൽ പുതുതായി 65 ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.പദ്ധതികൾക്ക് അംഗീകാരം നൽകാത്തതിന്നാലും ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാത്തതിനാലും ഇവയുടെ തുടർ പ്രവർത്തനങ്ങളും മുന്നോട്ട് പോയിട്ടില്ല.
എസ്.ആർ. സുധീർ കുമാർ