കോഴിക്കോട്: വിമാനത്താവളം വഴി മുന്പു സ്വര്ണം കടത്തിയ സംഘങ്ങള് ഹൈബ്രിഡ് കഞ്ചാവ് കടത്തിലേക്കു തിരിയുന്നതായി പോലീസ്. വിമാനത്താവളങ്ങള് കേന്ദ്രീകരിച്ചാണ് വ്യാപകമായി ഹൈബ്രിഡ് കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ചില സ്വർണക്കടത്തു സംഘങ്ങളെങ്കിലും കഞ്ചാവു കടത്തിലേക്കു കളം മാറ്റിച്ചവിട്ടിയതായാണ് ഡിആർഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ സംശയിക്കുന്നത്.
സ്വർണത്തിനുള്ള ഇറക്കുമതിച്ചുങ്കം 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി കുറച്ചത് സ്വർണക്കള്ളക്കടത്തിലെ ലാഭം വലിയ തോതിൽ കുറയാനിടയാക്കി. ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുന്നുവെന്നും കേരളം വഴി യുഎഇയിലേക്കു കടത്തു നടക്കുന്നുവെന്നും ഉദ്യോഗസ്ഥര് പറയുന്നു.
അതേസമയം, സമീപകാലത്തായി സ്വര്ണക്കടത്ത് കേസുകള് കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര് പറയുന്നു. അടുത്തിടെ വിമാനത്താവളങ്ങളില്നിന്നു പിടിച്ച എല്ലാ കേസുകളിലും തായ്ലൻഡിൽനിന്നാണു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. അവിടെ കഞ്ചാവ് നിയമവിധേയമാണ്. വിലക്കുറവിൽ കിട്ടും എന്നതിനാലാണ് അവിടെനിന്നു വ്യാപകമായി കടത്തുന്നത്.
തായ്ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ പോലീസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും പിടികൂടിയത്.കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കസ്റ്റംസ് ഇന്നലെ 34 കിലോഗ്രാമും 12ന് രാത്രി 18 കിലോഗ്രാമും ഒരാഴ്ച മുൻപു ഡിആർഐ 12 കിലോഗ്രാമും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
യുഎഇയിലേക്കു കടത്താൻ ശ്രമിച്ച 5.5 കിലോഗ്രാം കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞമാസം 25ന് കസ്റ്റംസ് പിടികൂടിയിരുന്നു.ബംഗളൂരുവിൽ മലയാളികളായ യാത്രക്കാരിൽനിന്നു കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയ 21 കിലോ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്കു കടത്താനിരുന്നതാണെന്നാണു സൂചന.