കൊല്ലം: കൊല്ലം പരപ്പിൽ മൽസ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും യാനങ്ങൾക്കും ഭീഷണിയായി ചരക്ക് കപ്പലുകൾ. മൽസ്യത്തൊഴിലാളികൾ ജീവൻ പണയം വച്ച് കടലിൽ പോകേണ്ട അവസ്ഥ. തങ്ങളുടെ യാത്രാദൂരം കുറയ്ക്കാനായി ഫീഡർ കപ്പലുകൾ തീരത്തോട് ചേർന്ന് സഞ്ചരിക്കുന്നത് കൊല്ലം പരപ്പിനെ ഭീതിയിലാക്കിയിരിക്കുകയാണ്.
വിഴിഞ്ഞം പോർട്ട് സജീവമായ പിറകെയാണ് കൊല്ലം പരപ്പ് വഴി പോകുന്ന കപ്പലുകളുടെ എണ്ണം വർധിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊല്ലം പരപ്പിലൂടെ കൊച്ചി, മംഗലാപുരം, ഗുജറാത്ത്, മുംബയ്, സിംഗപ്പൂർ, കൊളംബോ പോർട്ടുകളിൽ നിന്ന് വിഴിഞ്ഞത്തേക്കും തിരിച്ചും പോകുന്ന ഫീഡർ കപ്പലുകളുടെ എണ്ണം ഇരട്ടിയിലധികമായി.
തെക്കേ ഇന്ത്യയിൽ മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ള സമുദ്രമേഖലയാണ് കൊല്ലം പരപ്പ്. ഇത് മൽസ്യബന്ധന മേഖലയാണ്. തീരത്തോട് ചേർന്നുള്ള ഈ മേഖലയിലെ സാങ്കൽപ്പിക കപ്പൽചാലിലൂടെയാണ് ചരക്ക് കപ്പലുകളുടെ യാത്ര. യാത്ര ദൂരം കുറയ്ക്കാൻ സുരക്ഷിതപാത തെരഞ്ഞെടുക്കാൻ കപ്പലുകൾ തയാറാവുന്നില്ല. അപകടമുണ്ടായാൽ കടലിൽ പെട്ട മൽസ്യ തൊഴിലാളികളെ രക്ഷിക്കാനും കപ്പലുകൾ തയാറാവുന്നില്ല.
ശക്തികുളങ്ങരയിൽ നിന്നു കടലിൽ പോയ ബോട്ട് കഴിഞ്ഞയാഴ്ചയാണ് ഇടിച്ചുതകർക്കപ്പെട്ടത്. വിദേശകപ്പൽ നിർത്താതെ പോവുകയായിരുന്നു. ബാർജിൽ കുരുങ്ങി ആഴീക്കലിലെ ബോട്ടിന്റെ വല നഷ്ടപ്പെട്ടു രണ്ടു ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്. രണ്ട് അപകടങ്ങളും കപ്പലുകളുടെ അശ്രദ്ധ മൂലമാണെന്നാണ് മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. കിലോമീറ്ററുകൾ അപ്പുറമുള്ള തടസങ്ങൾ കാണാൻ കഴിയുന്ന റഡാർ, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത്തരം അപകടങ്ങൾ ഉണ്ടാവുന്നത്.
മത്സ്യബന്ധന യാനകളും ബോട്ടുകളും സഞ്ചരിക്കുന്ന ഭാഗത്തുകൂടി കടന്നുപോകുമ്പോൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാത്തതാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്. കടലിൽ ബോട്ടുകൾ നിരന്തരം വല വിരിക്കുകയും വലിക്കുകയും ചെയ്യുന്നതിനിടെ കപ്പലുകൾ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്ന് വഴിമാറാൻ അവർക്ക് ആവില്ല. അതിനായി ലക്ഷങ്ങൾ വിലവരുന്ന വിരിച്ച വലകൾ അവർ ഉപേക്ഷിക്കേണ്ടി വരും.
കപ്പലുകൾ തീരത്തോട് ചേർന്ന് പോകുമ്പോൾ തടസങ്ങൾ കണ്ടെത്താനുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും, അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് തയാറാകണമെന്നും ഇക്കാര്യത്തിൽ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കർശന ഇടപെടൽ ഉണ്ടാവണമെന്നും മൽസ്യ തൊഴിലാളി സംഘടനകൾ നിരന്തരമായി ആവശ്യപ്പെടുന്നുമുണ്ടെങ്കിലും അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നാണു പരാതി.
- അജി വള്ളിക്കീഴ്