ലണ്ടൻ: പൂച്ചകളെ ഇണക്കാൻ ലളിതവിദ്യകൾ കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ! പ്രത്യേക മുഖഭാവം ഉപയോഗിച്ച് മനുഷ്യർക്ക് പൂച്ചകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനം പറയുന്നത്. നേച്ചർ ജേണലായ സയന്റിഫിക് റിപ്പോർട്സിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
കണ്ണുകൾ ഭാഗികമായി ഇറുക്കി പതുക്കെ ചിമ്മുന്നതു മനുഷ്യരെ പൂച്ചകൾക്കു കൂടുതൽ സ്വീകാര്യമാക്കും. ഇങ്ങനെ ചെയ്താൽ പൂച്ചകളുമായി വളരെയെളുപ്പം ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്. കൺപോളകൾ ചുരുക്കി മനുഷ്യൻ നടത്തുന്ന പുഞ്ചിരിയെ പൂച്ചപ്പുഞ്ചിരി- “സ്ലോ ബ്ലിങ്ക്’- എന്നാണ് വിളിക്കുന്നത്.
പൂച്ചകളിലെ കണ്ണിറുക്കിയ മുഖചലനങ്ങൾക്കു മനുഷ്യരിലെ പുഞ്ചിരിയുമായി (ഡൂച്ചെൻ പുഞ്ചിരി) ചില സാമ്യതകളുണ്ട്. പൂച്ചകളിൽ മാത്രമല്ല, മറ്റു ചില ജീവിവർഗങ്ങളിലും കണ്ണിറുക്കിയുള്ള പുഞ്ചിരി മനുഷ്യനെ കൂടുതൽ ആകർഷകമാക്കുമത്രെ!
വീട്ടിലെ നിങ്ങളുടെ സ്വന്തം പൂച്ചയോടോ തെരുവിൽ കണ്ടുമുട്ടുന്ന പൂച്ചകളോടോ നിങ്ങൾക്കിതു സ്വയം പരീക്ഷിച്ചുനോക്കാം. വളരെ ശാന്തമായി പൂച്ചകളെ നോക്കി പുഞ്ചിരിക്കുംപോലെ കണ്ണുകളിറുക്കിയശേഷം കുറച്ച് സെക്കൻഡുകൾ കണ്ണടച്ചു പിടിച്ചുനിന്നിട്ടു തുറക്കുക. പൂച്ചകളും അതേരീതിയിൽ പ്രതികരിക്കുന്നതു കാണാനാകും.