കൊല്ലം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) അധീനതയിലുള്ള എല്ലാ സ്കൂളുകളിലും ഇനി മുതൽ സിസിടിവി കാമറകൾ നിർബന്ധം. ഇതു സംബന്ധിച്ച അടിയന്തരനിർദേശം എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും കഴിഞ്ഞ ദിവസം സിബിഎസ്ഇ നൽകി. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അപ്പുറം പരോക്ഷമായ ഭീഷണികൾ അടക്കമുള്ളവ തിരിച്ചറിയുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ബോർഡിന്റെ നിർദേശത്തിൽ പറയുന്നു.
സിബിഎസ്ഇയുടെ അനുബന്ധ സ്കൂളുകളിൽ എവിടെയൊക്കെയാണ് കാമറകൾ സ്ഥാപിക്കേണ്ടതെന്നും സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലോബികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്റീൻ ഏരിയ, സ്റ്റോർ റൂം , കളിസ്ഥലം എന്നിവിടങ്ങളിൽ നിർബന്ധമായും കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശുചിമുറികൾ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം.
കാമറകൾ സ്ഥാപിക്കുമ്പോൾ സ്കൂൾ അധികൃതർ ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള കാമറകൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്. ഓഡിയോ വിഷ്വൽ റിക്കാർഡിംഗുള്ള ഉയർന്ന റെസല്യൂഷൻ കാമറകളാണ് നിഷ്കർഷിച്ചിട്ടുള്ളത്. കാമറകൾക്ക് ഏറ്റവും കുറഞ്ഞത് 15 ദിവസത്തെ റിക്കാർഡിംഗുകൾ സൂക്ഷിക്കാൻ കഴിയണം.
സ്കൂളുകൾ കാമറകളിലെ ദൃശ്യങ്ങളുടെ ബാക്കപ്പുകൾ കൃത്യമായും സൂക്ഷിക്കണം. അധികാരികൾ ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.എൻസിപിസിആറിന്റെ (നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് ചൈൽഡ് റൈറ്റ്സ്) മാനുവലിന് അനുസൃതമായാണ് സ്കൂളുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സിസിടിവി കാമറകൾ സ്ഥാപിക്കാൻ സിബിഎസ്ഇയുടെ ഏറ്റവും പുതിയ നിർദേശം വന്നിട്ടുള്ളത്.
എസ്.ആർ. സുധീർ കുമാർ