തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ടു കൊച്ചുമക്കളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കുള്ള ശിക്ഷ അറിയാനുള്ള ആകാംക്ഷയില്‍ ഉടുമ്പന്നൂര്‍ ചീനിക്കുഴിയിലെ നാട്ടുകാര്‍.കടുത്ത ശിക്ഷ തന്നെ പ്രതിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ആലിയകുന്നേല്‍ ഹമീദ് കുറ്റക്കാരനാണെന്ന് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രതിയുടെ മകന് ആലിയകുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിന് (16), അസ്ന(13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജഡ്ജി ആഷ് കെ. ബാല്‍ നാളെ ശിക്ഷ വിധിക്കും.
ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ 2022 മാര്‍ച്ച് 19ന് പുലര്‍ച്ചെ 12.30നാണ് കൂട്ടക്കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും പ്രതി വീട്ടിലെ കിടപ്പുമുറിയിലേക്കു പെട്രോള്‍ നിറച്ച കുപ്പികളെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീടു പുറമേനിന്നു പൂട്ടി ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു.
സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല. രക്ഷപ്പെടാനാവാതെ ഇതിനുള്ളില്‍ തന്നെ ഇവര്‍ ദാരുണമായി വെന്തുമരിക്കുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടന്ന് ഇവരെ രക്ഷിക്കാനായില്ല.
ഹമീദിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.നിര്‍ണായക സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.സ്വത്ത് സംബന്ധമായ തര്‍ക്കമായിരുന്നു ക്രൂരകൊലപാതകത്തിന് കാരണം. മുഹമ്മദ് ഫൈസലിനോട് അടങ്ങാത്ത പകയുണ്ടായിരുന്ന പ്രതി ഇരകള്‍ രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചാണ് കൊലപാതകം നടത്തിയത്. തൊടുപുഴ ഡിവൈഎസ്പി ആയിരുന്ന എ.ജി.ലാല്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസഹായകരായവരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ശിക്ഷയ്ക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. അതേ സമയം പ്രായം പരിഗണിച്ച് പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതി ഭാഗം അഭിഭാഷകന് കോടതിയോട് അഭ്യര്‍ഥിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ എം.സുനില്‍ മഹേശ്വരന് പിള്ളയാണ് ഹാജരായത്.

