തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലെ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിന്റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുവരും കുറെ കൂടി ഗൗരവമായും സൂക്ഷ്മതയോടെയും പെരുമാറണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് രംഗത്ത് നില്ക്കുമ്പോള് സൂക്ഷ്മത പുലര്‍ത്താന്‍ യുവനേതാക്കള്‍ എന്ന നിലയില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ചെറിയ ചലനം പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതിനെയാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇത് പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. അന്‍വറെ രാത്രിയില്‍ രഹസ്യമായി രാഹുല്‍ പോയി കണ്ടതിനെയും ചെന്നിത്തല വിമര്‍ശിച്ചു.
മുസ്ലിം ലീഗുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ലീഗ് താഴെ തട്ടുമുതല്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചില നിലപാടുകള്‍ ശരിയല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.