കോട്ടയം: സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയ അസ്ഥിയുടെയും പല്ലിന്റെയും അവശിഷ്ടങ്ങള്‍ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ (ഹയറുമ്മ-58)യുടേതാകാന് സാധ്യതയെന്ന് പോലീസ്. അതിരമ്പുഴ സ്വദേശി ജെയ്നമ്മ (55), കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന് (47) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍പ് അറസ്റ്റിലായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനാ (67)ണ് ഐഷയെയും കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചു.
2012 മേയ് 13നാണ് ഐഷയെ കാണാതായത്. അന്നേദിവസം വൈകുന്നേരം നാലിന് ഐഷ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിയതായി ടവര്‍ ലൊക്കേഷനില്‍ കണ്ടെത്തി. നാലിനു പെട്ടെന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തിരുന്നു.വീട്ടുവളപ്പില്‍ കണ്ടെടുത്ത പല്ലില്‍ ക്ലിപ്പുണ്ടായിരുന്നു. കാണാതായ മൂന്നു പേരില്‍ ഐഷയുടെ പല്ലില്‍ മാത്രമാണ് ക്ലിപ്പുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജെയ്നമ്മ, ബിന്ദു എന്നിവരുടെ മൃതദേഹങ്ങള്‍ എവിടെ മറവു ചെയ്തുവെന്നതില്‍ വ്യക്തതയില്ല. ഒന്നിലേറെ തവണ ഡീസല്‍ ഉപയോഗിച്ചു കത്തിച്ച സാഹചര്യത്തില്‍ ഡിഎന്എയിലിലൂടെ അവശിഷ്ടങ്ങള്‍ ആരുടെതെന്ന് കണ്ടെത്തുക എളുപ്പമല്ല. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഡിഎന്‍എ ലഭിക്കാതെ വന്നതിനാല്‍ ഛത്തീസ്ഗഡിലെ സെന്‍ട്രല്‍ ലാബിലേക്ക് ഇവ അയച്ചിരിക്കുകയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സെബാസ്റ്റ്യനെ കഴിഞ്ഞദിവസമാണ് ഐഷ കേസില്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ കൊണ്ടുവന്നത്.
റോസമ്മ വഴി ഐഷയിലേക്ക്
വീടുവയ്ക്കാന്‍ സ്ഥലം വാങ്ങിക്കൊടുക്കാം എന്ന ധാരണയിലാണ് വസ്തു ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ഐഷയുമായി അടുപ്പം സ്ഥാപിച്ചത്. ഐഷയെ സെബാസ്റ്റ്യനുമായി പരിചയപ്പെടുത്തിയത് അയല്‍വാസിയായ റോസമ്മയാണ്. ഐഷയുടെ തിരോധാനത്തില്‍ റോസമ്മയ്ക്ക് അറിവും പങ്കുമുള്ളതായി കരുതുന്നതിനാല്‍ ഇവരെ ചേര്‍ത്തല പോലീസ് ചോദ്യം ചെയ്തിരുന്നു.
പരസ്പര വിരുദ്ധമായ മറുപടിയാണ് റോസമ്മ പോലീസിന് നല്‍കിയത്. സെബാസ്റ്റ്യനെയും റോസമ്മയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ഐഷയെ താന്‍ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യന്‍ സമ്മതിച്ചു. എന്നാല്‍ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് പ്രതി ഉത്തരം പറയാന്‍ തയാറായില്ല. മാത്രവുമല്ല കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഐഷയെ തനിക്ക് യാതൊരു പരിചയവുമില്ലെന്നായിരുന്നു പ്രതിയുടെ മൊഴി.
അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമം
സെബാസ്റ്റ്യനെ വാരനാട്ടുള്ള ഐഷയുടെ വീട്ടിലും എത്തിച്ചിരുന്നു. റോസമ്മയും ഐഷയും നഗരസഭാ പരിധിയില്‍ വാരനാട്ട് അയല്‍വാസികളാണ്. 2018ല്‍ ബിന്ദു തിരോധാനക്കേസ് പോലീസ് അന്വേഷിച്ച കാലത്ത് ചേര്‍ത്തലയിലെ ഒരു അഭിഭാഷകന്റെ നിയമോപദേശം സെബാസ്റ്റ്യന്‍ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരവിരുദ്ധവും അന്വേഷണം വഴി തിരിച്ചുവിടുന്നതുമായ മറുപടികളാണ് പ്രതി നല്‍കുന്നത്. തനിക്ക് പ്രമേഹം ഉള്‍പ്പെടെ വിവിധ രോഗങ്ങളുണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്മയിലില്ലെന്നുമാണ് റോസമ്മയും സെബാസ്റ്റ്യനും പോലീസിനോട് പറയുന്നത്. അഭിഭാഷകന്റെ നിര്‍ദേശത്തില്‍ മറ്റാരുടെയെങ്കിലും അസ്ഥി അവശിഷ്ടങ്ങള്‍ സെബാസ്റ്റ്യന്‍ ഇട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. റോസമ്മയുടെ വീട്ടില്‍ സെബാസ്റ്റ്യന്‍ സ്ഥിരമായി വന്നിരുന്നതായി സമീപവാസികളും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
അയൽവാസിയുടെ മൊഴി
റിട്ട. പഞ്ചായത്ത് ജീവനക്കാരിയായിരുന്ന ഐഷയെ കാണാതായതിനു തലേദിവസം സെബാസ്റ്റ്യന്‍ വാരനാട്ട് അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തിയതായി ബന്ധുവായ അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും സെബാസ്റ്റ്യന്‍ ഐഷയെ മര്‍ദിച്ചെന്നും പിറ്റേന്ന് സെബാസ്റ്റ്യനെ കാണാനെന്നു പറഞ്ഞാണ് ഐഷ ഉച്ചകഴിഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതെന്നുമായിരുന്നു മൊഴി. ഈ വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ തന്നെയും മകനെയും കൊലപ്പെടുത്തുമെന്ന് സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.
സ്ഥലം വാങ്ങാന്‍ ഐഷ കരുതിവച്ചിരുന്ന രണ്ടു ലക്ഷം രൂപ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിരുന്നു. കൂടാതെ ഐഷ ധരിച്ചിരുന്ന സ്വര്‍ണമാലയും കാണാതായിട്ടുണ്ട്.ഐഷയെ അവസാനമായി ജീവനോടെ കണ്ട ആളെന്ന നിലയില്‍ കേസില്‍ ഇവര്‍ പ്രധാന സാക്ഷിയാകും. റോസമ്മയെ ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യനെ അറിയില്ലെന്നാണ് റോസമ്മ മുന്‍പ് പറഞ്ഞത്. എന്നാല്‍ ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഇവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്നും വീട്ടിലിരുന്ന് മദ്യപിച്ചിരുന്നതായും സെബാസ്റ്റ്യന്‍ സമ്മതിച്ചു. കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും.

