ന്യൂഡൽഹി: രണ്ട് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല ജിൽഹി സ്വദേശി ജഗ്മോഹനെ (20) യാണ് ശിക്ഷിച്ചത്.
മെയിൻപുരിയിലെ പോക്സോ കോടതി ജഡ്ജി ജീതേന്ദ്ര മിശ്രയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തിയതെന്ന് സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു.
2022 നവംബർ ഏഴിനാണ് ജഗ്മോഹൻ തന്റെ രണ്ട് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും ജഗ്മോഹൻ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ് രക്തസ്രാവമുണ്ടായ പെൺകുട്ടിയെ അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 നവംബർ എട്ടിന് പെൺകുട്ടിയുടെ പിതാവ് കിഷ്നി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. തുടർന്ന് ജഗ്മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.