ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുകയാണ്. കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി ഉയര്‍ത്തി. അതായത് ഒറ്റയടിക്ക് 110 രൂപയുടെ വര്‍ധന. ഇക്കൊല്ലം ജനുവരിക്കു ശേഷം ഒരു ലിറ്ററിനുണ്ടായ വര്‍ധന 329 രൂപ. ഓണത്തിന് എണ്ണവില 600 കടന്നാല്‍ അതിശയം വേണ്ട. മറ്റു മുന്‍നിര ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു.
കൊപ്ര വില വര്‍ധിച്ചതോടെ പിടിച്ചുനില്ക്കാന് കഴിയാത്തതിനാലാണ് വെളിച്ചെണ്ണയ്ക്ക് വില കൂട്ടേണ്ടിവന്നതെന്ന് കേരഫെഡ് പറയുന്നു. ഈ വര്‍ഷം ആദ്യം ഒരു ലിറ്റര്‍ വെളിച്ചെണ്ണ വില 200 രൂപയില്‍ താഴെയായിരുന്നു.
ഇത്തരത്തില്‍ വെളിച്ചെണ്ണ വില ഉയരുന്നത് നിരവധി സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. കേരളം, തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേര ഇറക്കുമതിയിലുണ്ടായ ഇടിവും വില വര്‍ധിക്കാന്‍ കാരണമായി.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു കിലോ തേങ്ങയ്ക്ക് 33 രൂപയായിരുന്നു വില. നിലവില്‍ കിലോയ്ക്ക് വില 90 രൂപ കടന്നു. ഉപ്പേരി വിലയിലും വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.