കായംകുളം: പ്രകടനത്തിനിടെ ഉണ്ടായ വാക്കേറ്റം കായംകുളത്ത് കോൺഗ്രസ്-സിപിഎം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെ കോൺഗ്രസ് നേതാക്കന്മാർക്കും ഡിവൈഎഫ്ഐ നേതാക്കന്മാർക്കും പോലീസുകാർക്കും പരിക്കേറ്റു.
ഡിസിസി സെക്രട്ടറി കെ. പുഷ്പദാസ്, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡിവൈഎഫ്ഐ നേതാക്കന്മാരായ ജില്ലാ കമ്മിറ്റി അംഗം മീനിസ, ബ്ലോക്ക് കമ്മിറ്റി അംഗം അതുൽജിത്ത, കാശി, അനന്തു എന്നിവർക്കും സംഘർഷം നിയന്ത്രിക്കാനെത്തിയ കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും പരിക്കേറ്റു.
കഴിഞ്ഞദിവസം വനിത പോളിടെക്നിക് കോളജിൽ 13 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവരെ സന്ദർശിക്കാനെത്തിയ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കന്മാരെ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ആരോപണം ഉയർന്നു.
ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ സിപിഎം പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
ഇതിൽ പ്രതിഷേധിച്ച് സിപിഎം-ഡിവൈ എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം നഗരസഭയ്ക്ക് സമീപം എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകരുമായി സംഘർഷമുണ്ടായത്.