നമ്മുടെ കാലൊന്ന് ഇടറിയാൽ പിടയുന്ന മനസുള്ള കൂട്ടുകാർ ഉണ്ടാകുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിയൽ വൈറലായൊരു ഗ്രൂപ്പ് ഫോട്ടോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാൻസർ ബാധിതനായ റെൻ ജുഞ്ചി എന്ന 15 -കാരന്റെ സ്കൂളിലെ കോൺവൊക്കേഷൻ ചടങ്ങിന്റെ ഫോട്ടോ ആയിരുന്നു അത്.
സ്കൂളിലെ കോൺവെക്കേഷൻ ചടങ്ങിന് അസുഖ ബാധിതനായ സുഹൃത്തിന്റെ അഭാവം തെല്ലൊന്നുമല്ല അവന്റെ കൂട്ടുകാരെയും ബാധിച്ചത്. കാൻസർ ബാധിതനായി ആശുപത്രി കിടക്കയിൽ ആയപ്പോഴാണ് റെൻ ജുഞ്ചിയുടെ സ്കൂളിലെ പരിപാടിയും.
രോഗാവസ്ഥ മൂർശ്ചിച്ചതിനാൽ അവന് ആശുപത്രി വിട്ട് മറ്റെങ്ങോട്ടും പോകാൻ സാധിക്കാതെ വന്നു. തന്റെ കൂട്ടുകാരൻ ഇങ്ങനെ കിടക്കുന്പോൾ തങ്ങൾ എങ്ങനെയാണ് ഇത് ആഘോഷിക്കുന്നത് എന്ന ചിന്ത റെന്നിന്റെ കൂട്ടുകാർക്കും തോന്നി. അങ്ങനെ അവർ ഉടൻതന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എല്ലാ കൂട്ടുകാരും ചേർന്ന് റെന്നിനൊപ്പം നിന്ന ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തതോടെ അവന് ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
എന്നാൽ ആ സന്തോഷം അധിക നേരം നിന്നില്ല. കൂട്ടുകാർ തിരികെ പോയി അൽപ സമയത്തിന് ശേഷം റെൻ ലോകത്തിൽ നിന്നു തന്നെ വിട പറഞ്ഞു. പോകുന്നതിനു മുൻപ് ഒരു പിടി മധുരമുള്ള ഓർമകൾ അവന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്നാണ് ഫോട്ടോ കണ്ട എല്ലാവരും പറഞ്ഞത്.