കോട്ടയം: നാടുവിട്ടെന്നു കരുതിയ കോവിഡ് വൈറസ് കോട്ടയം ജില്ലയെ വീണ്ടും ആക്രമിക്കുന്നു. കേരളത്തില്‍ നിലവിലുള്ള ആയിരം കോവിഡ് കേസുകളില്‍ 175 എണ്ണവും കോട്ടയത്താണ്. ഏഴു പേരുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക പരിചരണം നല്‍കുന്നുണ്ട്.
വിട്ടുമാറാത്ത പനി, ജലദോഷം, ചുമ, വിശപ്പില്ലായ്മ എന്നിവയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിതരില്‍ ഘ്രാണശേഷി കുറയും.അപകടകരമായ സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രി, ജില്ലാ ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന ലഭ്യമാണ്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനക്കിറ്റുകള്‍ എത്തിക്കാന്‍ നടപടിയായിട്ടുണ്ട്.
കോവിഡ് വ്യാപനം കൂടുതലുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ വിനോദയാത്രയും മറ്റും കഴിഞ്ഞു വന്ന ചിലര്‍ സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഇരുപതു ദിവസത്തിനുള്ളിലാണ് ജില്ലയില്‍ ഇത്രയും വൈറസ് വ്യാപനമുണ്ടായത്. നിലവില്‍ കൂടുതല്‍ രോഗബാധിതര്‍ കോട്ടയം നഗരത്തിലാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയവ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കുന്നത് സുരക്ഷിതം. കോവിഡ് വ്യാപനസാഹചര്യത്തില്‍ മാസ്ക് ഉപയോഗം വ്യാപകമായിട്ടുണ്ട്. അതേസമയം സാനിറ്റൈസര്‍ പല മെഡിക്കല്‍ ഷോപ്പുകളിലും സ്റ്റോക്കില്ല.
ആവശ്യക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്നു സാനിറ്റൈസര്‍ സ്റ്റോക്ക് ചെയ്യുന്നത് ഉടമകള്‍ നിര്‍ത്തിയിരുന്നു. കോവിഡ് വ്യാപനം കൂടിയതോടെ ആവശ്യക്കാര്‍ എത്തിയെങ്കിലും സ്റ്റോക്കില്ലെന്നാണ് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നത്.