ജോണ്സണ് വേങ്ങത്തടം
കൊച്ചി: മുന്നണിമര്യാദകൾ കാറ്റിൽപ്പറത്തി സ്ഥാനാർഥിപ്രഖ്യാപനം നടത്തി സിപിഎമ്മും സിപിഐയും മറ്റു ഘടകകക്ഷികളെ ഒതുക്കിയതിനെ തുടർന്ന് എൽഡിഎഫിൽ പൊട്ടിത്തെറി. ഇന്നു എൽഡിഎഫ് യോഗം ചേരാനിരിക്കെ സീറ്റുകളിൽ പ്രഖ്യാപനം നടത്തി സിപിഐയും പിന്നീട് സിപിഎമ്മും മുന്നണി മര്യാദകൾ ലംഘിച്ചുവെന്നാണ് മറ്റു ഘടകകക്ഷികൾ വിലയിരുത്തുന്നത്.
എൽഡിഎഫ് യോഗം ചേർന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പതിവുരീതി മാറ്റി നിർത്തികൊണ്ടു തങ്ങളുടെ നാലു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച സിപിഐയ്ക്കുപിന്നാലെ പതിനഞ്ചുസീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചു സിപിഎമ്മും ഘടകകക്ഷികളെ ഞെട്ടിച്ചു. യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്കെത്തിയ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്തിക് ജനതാദളിനു മലബാർ മേഖലകളിൽ ഒരു സീറ്റ് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, അവർ അവശ്യപ്പെട്ട വടകരയിൽ ജയരാജനെയും കോഴിക്കോട് എ. പ്രദീപ്കുമാറിനെയും പ്രഖ്യാപിച്ചു വീരനെ ഞെട്ടിച്ചു. കോഴിക്കോട് സീറ്റിന്റെ പേരിൽ യുഡിഎഫിലേക്കു ചെക്കേറിയ വീരനു സിപിഎം തിരിച്ചെത്തിയപ്പോൾ കനത്തപ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. യുഡിഎഫിൽ നിന്നും ഒരു കാരണവുമില്ലാതെ എൽഡിഎഫിലേക്കു പോയിട്ടും ഒരു സീറ്റ് പോലും ലഭിച്ചില്ല. യുഡിഎഫിൽ നിന്നപ്പോൾ പാലക്കാട് മണ്ഡലം നൽകിയിരുന്നു.
സീറ്റില്ലാത്ത അവസ്ഥ ലോക് താന്ത്രിക ജനതാദളിനു കനത്ത പ്രഹരം ഏല്പിച്ചപ്പോൾ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് പാർട്ടി. അണികളെ പറഞ്ഞു സമാധാനിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതാക്കൾ. മലബാർ മേഖലയിൽ പ്രത്യേകിച്ചു വടകര, കണ്ണൂർ, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ ശക്തമായ വേരോട്ടമുള്ള പാർട്ടിയെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയരുകയാണ്.
പതിനൊന്നിനു കോഴിക്കോട് പാർട്ടിയുടെ സംസ്ഥാന സമിതിയോഗവും ജില്ലാ ഭാരവാഹികളുടെ യോഗവും ചേരുന്നു. എം.പി. വീരേന്ദ്രകുമാറിന്റെ സമയം പരിഗണിച്ചാണ് 11നു യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ മുന്നോട്ടു സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കും. ഒരു മുന്നണിമാറ്റം ഉണ്ടാകുകയില്ലെങ്കിലും മുന്നണിയിൽ നിന്നു കൊണ്ടു സ്വീകരിക്കേണ്ട നിലപാടുകൾ വ്യക്തമാക്കും.
ജനതാദൾ എസിനു ലഭിച്ചിരുന്ന കോട്ടയം സിപിഎം തട്ടിയെടുത്തു. ഇവിടെ വി.എൻ. വാസവന്റെ പേര് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പകരം പത്തനംതിട്ട സീറ്റ് ചോദിച്ചിരുന്ന ജനതാദൾ എസിനു അതുമില്ല. അവിടെ സിപിഎം വീണ ജോർജിനെ പ്രഖ്യാപിച്ചു. ഒരുമണ്ഡലത്തിലേക്കും ജനതാദൾ എസിനെ പരിഗണിച്ചില്ല. പാലക്കാട് മണ്ഡലത്തിലും ആലത്തൂരിലും ചാലക്കുടിയിലും പത്തനംതിട്ടയിലും ജനതാദൾ എസിനു ശക്തമായ വേരോട്ടമാണുള്ളത്. സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യമാണ് പാലക്കാട് മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നത്. അദ്ദേഹം ചിറ്റൂരിനെയാണ് പ്രതിനിധികരിക്കുന്നത്.
ഇന്നു ജനതാദൾ എസ് അടിയന്തര യോഗം ചേരുന്നുണ്ട്. സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും സംഭവിക്കില്ലെന്നാണ് വിശ്വാസമാണ് സിപിഎമ്മിനുള്ളത്. ഒരു മുന്നണിമാറ്റവും ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ പാർട്ടിയെ അപമാനിച്ചതിന്റെ മുറിവ് മനസിൽ സൂക്ഷിച്ചായിരിക്കും പാർട്ടി മുന്നോട്ട് പോകുന്നത്.
ജനാധിപത്യ കേരള കോണ്ഗ്രസിനു സീറ്റില്ലാത്ത സ്ഥിതിയാണ്. 15 സീറ്റിലും സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയുള്ളതു പൊന്നാനിമാത്രമാണ്.ഇവിടെ ഏതായാലും കൊടുക്കില്ല. സീറ്റ് നൽകാത്തതിനെ തുടർന്നു എൻസിപിയിൽ കടുത്ത അമർഷമുണ്ട്. ഇന്നലെ ചേർന്ന എൻസിപിയോഗത്തിൽനേതൃത്വത്തിനെതിരേ വരെ ശക്തമായ വികാരപ്രകടനമാണ് ഉണ്ടായത്.
സിപിഎം പാർട്ടികളെ കുച്ചുവിലങ്ങിട്ടിരിക്കുകയാണെന്ന വികാരം ശക്തമായിരിക്കുകയാണ്. ഇതേ സമയം, പരാമവധി സീറ്റുകളിൽ മത്സരിച്ചു വിജയിക്കുക എന്നതു മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. എന്നാൽ, കൊല്ലത്തു ആർഎസ്പി സീറ്റിലേക്കു എം.കെ. പ്രേമചന്ദ്രന്റെ പേര് പാർട്ടി നിശ്ചയിച്ചപ്പോൾ യുഡിഎഫിനെ പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കൂടെയുള്ള ഘടകകക്ഷികളെ അപമാനിക്കുന്നതിൽ മുന്നിൽ നിന്നുവെന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്.