കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്.
ഗുണ്ടകളുടെ വ്യക്തിപരമായതും കുടുംബങ്ങളുടെയും വിവരങ്ങള്‍, വിദ്യാഭ്യാസം, ജോലി, വരുമാനമാര്‍ഗം, കുറ്റകൃത്യങ്ങളിലെ പങ്കാളികള്‍ തുടങ്ങി 50 ഓളം വിവരങ്ങളാണ് ശേഖരിക്കുന്നത്. ഏതെല്ലാം ഭാഷകള്‍ അറിയാം, വിദ്യാഭ്യാസ യോഗ്യത, ഏതെല്ലാം ജോലികളാണ് ചെയ്യുന്നത്, വരുമാനമാര്‍ഗം, ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ എന്തെല്ലാമെന്നും പ്രത്യേകമായി കണ്ടെത്തും.
ഗുണ്ടകളുടെ പേരും ഫോട്ടോയും മുതല്‍ രക്തഗ്രൂപ്പും ജനന തീയതിയും മൊബൈല്‍ നമ്പറും വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും. ഗുണ്ടകളെ പിടികൂടിയാല്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് സഹായകരമാകുന്ന പ്രത്യേക ശാരീരിക ഘടന, കണ്ണിന്റെ നിറവും മറ്റു തിരിച്ചറിയത്തക്ക ശരീരപ്രകൃതിയും വിവരശേഖരണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും. കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ് നമ്പര്‍ എന്നിവയുടെ നമ്പറുകളും ശേഖരിക്കും.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗുണ്ടകളാണെങ്കില്‍ അക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കും. കുടുംബ പശ്ചാത്തലം മനസിലാക്കുന്നതിനായി രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുണ്ടെങ്കില്‍ അവരുടെയും പൂര്‍ണവിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഭാര്യയുടെ സമൂഹമാധ്യമങ്ങളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഇതിന് പുറമേ കുറ്റകൃത്യത്തിലെ പങ്കാളികളുടെയും കൗമാരപ്രായത്തിലെ സുഹൃത്തിന്റെയും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
സീമ മോഹന്‍ലാല്‍