കണ്ണൂർ: താൻ പഴയ എസ്എഫ്ഐക്കാരനാണെന്നും എസ്എഫ്ഐയുടെ അക്രമണോത്സുക അസഹിഷ്ണതയും ജനാധിപത്യവിരുദ്ധതയും സ്വന്തം അനുഭവത്തിൽ ബോധ്യപ്പെട്ടതോടെയാണ് എസ്എഫ്ഐ ബന്ധം വിട്ടതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാജ്യസഭാഗവുമായ സി. സദാനന്ദൻ. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.
പെരിഞ്ചേരി എന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ എസ്എഫ്ഐ കളിച്ച് വളർന്നയാളാണ് താൻ. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. എസ്എഫ്ഐയുടെ അക്രമണോത്സുകതയും അസഹിഷ്ണതയും ജനാധിപത്യ വിരുദ്ധതയും കമ്യൂണിസ്റ്റ് ചിന്തയോട് മടുപ്പ് തോന്നിപ്പിച്ചു. സ്വന്തം അനുഭവത്തിൽ അത് ബോധ്യപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതോടെ രണ്ടു വർഷത്തെ ശ്രമഫലമായി ഡിഗ്രി അവസാന വർഷമാണ് ഇതിൽ നിന്നു മുക്തനായി സംഘശാഖയിൽ എത്തുന്നത്.
സംഘത്തിലെത്താൻ നിമിത്തങ്ങളായ നിരവധി ഘടകങ്ങളുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ കാലുകൾ വെട്ടിമാറ്റിയ അക്രമികളെ കെ.കെ. ശൈലജ എംഎൽഎ, പി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യുകയാണ്. അതേസമയം താൻ രാജ്യസഭാംഗമായി നിയോഗിക്കപ്പെട്ടപ്പോൾ തന്നെ അക്രമികൾ ജയിലിലെത്തിയത് കാലത്തിന്റെ വല്ലാത്തൊരു കുഴമറിച്ചിലാണ്.
സിപിഎം നേതൃത്വം അനുഭവിക്കുന്ന മനഃസംഘർഷം ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ബഹിർസ്ഫുരണങ്ങളാണ് ഇപ്പോൾ പടച്ചുണ്ടാക്കുന്ന ആഖ്യാനങ്ങളെന്നും കുറിപ്പിൽ പറയുന്നു. ഇളയ സഹോദരിയുടെ വിവാഹനിശ്ചയക്കാര്യം ആയിത്തര മന്പറത്തുള്ള അമ്മാവനുമായി സംസാരിച്ച് മടങ്ങി വീട്ടിൽ വരുന്പോഴാണ് താൻ ആക്രമിക്കപ്പെട്ടത്. ജനാർദനൻ എന്നയാളുടെ കാലുകൾ താൻ തല്ലിയൊടിച്ചെന്ന പി. ജയരാജന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. ഈ കേസിൽ തന്നെ പ്രതി ചേർക്കുകയാണ് ചെയ്തത്.
ജനാർദനൻ എന്നയാളുടെ മകൾ തന്റെ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഈ കുട്ടിയെ ജന്മാഷ്ടമി ആഘോഷത്തിൽ പങ്കെടുപ്പിക്കണമെന്ന് കുട്ടിയുടെ അമ്മ ഗോകുലം പ്രവർത്തകരോട് ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കെടുപ്പിച്ചത്. ഈ സമയത്ത് അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട താൻ ഒരു പരിപാടിയിലും പങ്കെടുത്തിരുന്നില്ല. കുട്ടിയെ ഗോകുലം പ്രവർത്തകർ തിരിച്ച് വീട്ടിലെത്തിച്ചപ്പോൾ ജനാർദനൻ പ്രവർത്തകരുമായി തട്ടിക്കയറുകയുണ്ടായി. ഇക്കാര്യങ്ങളിലൊന്നും ഞാനില്ലായിരുന്നു. ഒക്കെ പിന്നീടാണറിഞ്ഞത്.
ഇപ്പോൾ ജയരാജനും കൂട്ടരും തട്ടിവിടുന്നത് മകളെ ഞാൻ നിർബന്ധിച്ച് ശാഖയിൽ കൊണ്ടുപോയെന്നും ജനാർദനൻ അത് പരസ്യമായി ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായി ഞാൻ മാടമ്പിത്തരം കാട്ടി ജനാർദ്ദനന്റെ രണ്ടു കാലും അടിച്ചൊടിച്ചെന്നുമൊക്കെയാണ്. കാല് വെട്ടിക്കളഞ്ഞു എന്നു വരെ പറഞ്ഞു നടക്കുന്ന സഖാക്കളുണ്ട്. ശാഖയെക്കുറിച്ചറിയുന്നവർ, മകളെ ശാഖയിൽ കൊണ്ടുപോയെന്ന വാദം കേട്ടാൽ ചിരിക്കില്ലേ….ജനാർദ്ദനൻ എന്നെ ചോദ്യം ചെയ്യുന്നത് പോയിട്ട് മുഖാമുഖം കണ്ടിട്ടു പോലുമില്ലെന്നും കുറിപ്പിൽ പറയുന്നു.