1960-ല്‍ പൂത്താലി എന്ന സിനിമയില്‍ പാടിയ അതേ ഭാവത്തിലും ഈണത്തിലും 2025-ലും തിരുവനന്തപുരം നഗരത്തിലെ ഉപ്പളം റോഡില്‍ മാളികപ്പുരയ്ക്കലില് ഇരുന്നു സി.എസ്. രാധാദേവി പാടി.
“കല്യാണം കളിയാണെന്ന് ആരു പറഞ്ഞു…
അതു വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇപ്പം ഞാനുമറിഞ്ഞു…’
ഏറ്റവുമൊടുവില്‍ ഈ ഫെബ്രുവരിയിൽ സി.എസ്. രാധാദേവി എന്ന അതുല്യ പ്രതിഭയെ കാണുമ്പോള്‍ 94 വയസായിരുന്നു. പാട്ട് പാടുമ്പോള്‍ പക്ഷേ, പ്രായം മാറിനിന്നു. പി. സുബ്രഹ്മണ്യത്തിന്റെ “പൂത്താലി’യിൽ പാടിയപ്പോള്‍ ഉണ്ടായിരുന്ന അതേ കുറുമ്പ് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
‘അതു വല്ലാത്ത പുലിവാലെന്നു ഞാനുമറിഞ്ഞു ഇപ്പം ഞാനുമറിഞ്ഞു…’ എന്നതിലെ “ഇപ്പം’ എന്ന വാക്ക് ഒന്നു കൂടി ആവര്‍ത്തിച്ചു പാടുന്നതും കേട്ടു! സിനിമയില്‍ ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് മിസ് കുമാരിയും രാധാദേവിയുടെ ഇളയ സഹോദരിയും ഗായികയും ഡബ്ലിംഗ് ആർട്ടിസ്റ്റുമായ കണ്ണമ്മയുമാണ്(സി.എസ്.സുഭദ്രാമ്മ). തിരുനയിനാര്‍ കുറിച്ചി രചിച്ച് ബ്രദര്‍ ലക്ഷ്മണന് സംഗീതം പകര്‍ന്ന ഗാനത്തിന് എങ്ങനെയാണ് ഇത്ര ഭാവം പകര്‍ന്നു പാടിയതെന്നു ചോദിച്ചപ്പോള്‍ നാടക-സിനിമാഭിനയ പരിചയം ഗാനാലാപനത്തെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നു സി.എസ്. രാധാദേവി ഓര്‍മിച്ചിരുന്നു. ശാരീരികമായ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന നാളുകള്‍ വരെയും പഴയ ഗാനങ്ങള്‍ ആ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു. ചിലപ്പോള്‍ പറയും- “വരികളൊക്കെ മറന്നു പോയി’ എന്ന്. എങ്കിലും പാടി തുടങ്ങുമ്പോള്‍ പുഴയൊഴുകി വരുന്നതു പോലെ താനെ വരികളും രാഗഭാവങ്ങളുമൊക്കെ വരും.
പൂത്താലിയിലെ തന്നെ “ഒന്നു ചിരിക്കൂ കണ്ണ് തിരിക്കൂ…’ എന്ന ഹാസ്യ ഗാനവും കുസൃതിച്ചിരിയോടെ തന്നെ പാടും. മറിയക്കുട്ടി എന്ന സിനിമയിലെ “ഈശ പുത്രനെ വാ യേശുനാഥനെ വാ…’ എന്ന ഗാനം പാടുമ്പോള്‍ കണ്ണുകള്‍ ഭക്തിസാന്ദ്രമാകും. ആകാശവാണിയില്‍ ഗാനഗന്ധര്വന് യേശുദാസിനൊപ്പം പാടിയിട്ടുണ്ട് രാധാദേവി. 1950-ല്‍ “നല്ല തങ്ക’ യില്‍ യേശുദാസിന്റെ അച്ഛന് അഗസ്റ്റിന് ജോസഫിനൊപ്പം പാടിയ അനുഭവങ്ങളും ഉണ്ട്. അച്ഛനൊപ്പം പാടിയ ഗായിക എന്ന നിലയില്‍ യേശുദാസിനു തന്നോടു വലിയ സ്നേഹമായിരുന്നുവെന്നും രാധാദേവി പറയാറുണ്ടായിരുന്നു. ലോക പ്രശസ്ത ഗായകനായി മാറിയ ശേഷം ഒരിക്കല്‍ ആകാശവാണിയില്‍ വന്നപ്പോള്‍ ഗാനഗന്ധര്വന് തന്നെ തിരിച്ചറിയുമോ എന്നു സംശയമുണ്ടായിരുന്നു രാധാദേവിയ്ക്ക്. അല്പം മാറിനിന്ന തന്നെ കണ്ട ഉടനെ ചേച്ചീ എന്നു വിളിച്ച് യേശുദാസ് അടുത്തുവന്നു കൈകൂപ്പി.
കൊറോണയ്ക്കു മുമ്പ് തിരുവനന്തപുരത്ത് എത്തിയപ്പോഴും ആ പഴയ സ്നേഹം നിറഞ്ഞ “ചേച്ചീ’ എന്ന വിളി യേശുദാസ് മറന്നിരുന്നില്ല. അറുപതുകളില്‍ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്ന് യേശുദാസ് ഗാനങ്ങൾ പാടി പാടി റിക്കാര്‍ഡ് ചെയ്യുന്നത് കണ്ട് നിന്നിട്ടുണ്ട് രാധാദേവി. യേശുദാസിന്റെ പല അനശ്വര ഗാനങ്ങളും അവസാനകാലത്ത് വീട്ടിലിരുന്ന് രാധാദേവി പാടുമായിരുന്നു. “താമസമെന്തേ വരുവാന്‍…’, “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…’ അങ്ങനെ അങ്ങനെ പാടിക്കൊണ്ടേയിരിക്കും.
വയസ് 90 കടന്ന സമയം വരെയും രാധാദേവിയുടെ ഓര്‍മയില്‍ കലാജീവിതത്തിന്റെ ഓരോ അംശവും തെളിഞ്ഞു തന്നെ നിന്നിരുന്നു. 1954-ല്‍ അവകാശി എന്ന സിനിമയില്‍ പാടാന്‍ പി. സുബ്രഹ്മണ്യം ഗായികമാരെ അന്വേഷിക്കുന്ന സമയത്ത് ആകാശവാണിയില്‍ സഹപ്രവര്‍ത്തകനായിരുന്ന തിരുനയിനാര്‍ കുറിച്ചി മാധവന് നായര്‍ പറഞ്ഞ വാക്കുകളും ഓര്‍മിച്ചു പറയും. “”കൊച്ചെ നീ നന്നായി പാടുന്നുണ്ടല്ലോ. ആകാശവാണിയില്‍ പാടിക്കൂടെ”. ആകാശവാണിയില്‍ രാധാദേവിയുടെ ലളിതഗാനം കേട്ട് ഇഷ്ടപ്പെട്ട ശേഷമാണ് അവകാശി എന്ന ചിത്രത്തിനു വേണ്ടി സുബ്രഹ്മണ്യം യുവഗായികയെ തെരഞ്ഞെടുക്കുന്നത്. മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ കമുകറ പുരുഷോത്തമനൊപ്പം “ഭൂവിങ്കലെന്നും അനുരാഗമതിൻ ഗതിക്കു…’ എന്ന ഗാനം ബ്രദര്‍ ലക്ഷ്മണന്റെ ഈണത്തിനനുസരിച്ച് പാടുന്ന കഥകളും രാധാദേവി പറഞ്ഞിരുന്നു.
കേരളത്തിന്റെ റേഡിയോ പ്രക്ഷേപണചരിത്രത്തിന്റെ ഭാഗമാണ് സി.എസ്. രാധാദേവി. നീണ്ടകാലം റേഡിയോ നാടകങ്ങളുടെ അവിഭാജ്യ ശബ്ദ സാന്നിധ്യവുമായിരുന്നു രാധാദേവി. അഭിനേത്രി, ആദ്യകാല ഗായിക, മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ മാറ്റുരച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്… അങ്ങനെ എത്രയോ വിശേഷണങ്ങള്‍, പ്രതിഭയുടെ മിന്നലാട്ടങ്ങള്‍. പദ്മശ്രീ ഉള്‍പ്പടെയുള്ള ബഹുമതികള്‍ക്ക് അര്‍ഹതയുള്ള ഈ അനുഗ്രഹീത കലാകാരിക്ക് സിനിമയും ഭരണാധികാരികളും വേണ്ട അംഗീകാരം നല്‍കിയോ എന്ന സംശയം ബാക്കിയാവുന്നു.