ഹരിദാസ് അന്പലപ്പുഴ
പുതിയ ആശയങ്ങൾക്കൊണ്ടും അധ്വാനങ്ങൾക്കൊണ്ടും കരുപ്പിടിപ്പിച്ച കൊച്ചുകൊച്ചു സംരംഭങ്ങളിലൂടെ നാട്ടിൽ പ്രകാശം പരത്തിയവർ നമുക്കു ചുറ്റുമുണ്ട്.
കോവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ പരിശ്രമങ്ങൾ ജീവിതത്തെ മാറ്റിമറിച്ച സംരംഭങ്ങളായി വളർന്നതിന്റെ ചരിത്രവുമുണ്ട്.
കോവിഡിൽ നാടാകെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലും വിഷമങ്ങളിലും ക്ലേശിച്ചപ്പോൾ തങ്ങളുടെ കൊച്ചു സംരംഭം ജീവിതമാർഗം തെളിച്ചു തന്നതിന്റെ കഥ പറയുകയാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻ പുരയ്ക്കൽ മാത്യൂസ് – ജെയ്നമ്മ ദമ്പതികൾ.
നാടൻ തൈരാണ് ഇവരുടെ ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കുറെക്കാലമായി ഉറകൂട്ടുന്നത്.തൈര് വീട്ടിൽത്തന്നെ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി കടകളിൽ വിതരണം ചെയ്തുവരികയാണ് ഈ ദന്പതികൾ.
ഗ്രാമാന്തരങ്ങളിലെ അന്പതോളം കടകളിൽ നാടൻ തൈര് എന്ന പേരിൽ ഇവരുടെ തൈര് വില്പനയ്ക്ക് എത്തുന്നു. 10 രൂപയാണ് പായ്ക്കറ്റ് വില.
തുടക്കം ഇങ്ങനെ
ഈ കുടിൽ സംരംഭം തുടങ്ങിയിട്ട് ഏകദേശം എട്ടു വർഷം പിന്നിടുന്നു. പ്രാദേശിക മാധ്യമപ്രവർത്തകനായ മാത്യുവിന്റെ ചെറിയ വരുമാനംകൊണ്ട് ജീവിതം തള്ളിനീക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് മറ്റൊരു വരുമാന മാർഗം കണ്ടെത്തുന്നതിനെക്കുറിച്ച് ഇവർ ചിന്തിച്ചത്.
പണച്ചെലവ് വരുന്ന സംരംഭങ്ങൾക്കു യാതൊരു സാധ്യതയും ഇവർക്കു മുന്നിൽ ഉണ്ടായിരുന്നില്ല. അങ്ങനെ കുറെക്കാലത്തെ ആലോചനകൾക്കു ശേഷമാണ് തൈര് വില്പന തുടങ്ങിയാലോ എന്ന ആശയത്തിലേക്ക് എത്തിയത്. നാട്ടിൽ പശുവളർത്തൽ ഉള്ളവരിൽനിന്നു പാൽ വാങ്ങി തൈര് നിർമിക്കാൻ തീരുമാനിച്ചു.
പ്രതിസന്ധിയുടെ ആദ്യ നാൾ
അങ്ങനെ അഞ്ചു ലിറ്ററോളം പാൽ വാങ്ങി. വിറകടുപ്പിൽ പാൽകാച്ചി തണുപ്പിച്ച് ഉറവച്ചു. പിന്നീട് ഇവ ചെറിയ പായ്ക്കറ്റുകളിലാക്കി കടക്കാരെ സമീപിച്ചു.
എന്നാൽ, മിക്ക കടകളിലും ആലപ്പുഴ മാർക്കറ്റിൽനിന്നുള്ള തൈര് വിതരണത്തിന് എത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ തൈര് വാങ്ങാൻ പലരും തയാറായില്ല.
മാത്രമല്ല, മാർക്കറ്റിൽനിന്ന് എത്തിയിരുന്ന തൈരിന് ഇവർ കൊണ്ടു ചെന്നതിനേക്കാൾ കട്ടിയും കൂടുതലുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ശുദ്ധമായ നാടൻ പശുവിന്റെ പാൽ തൈരാക്കിയതാണെന്നു കടക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ചിലരെങ്കിലും മനസില്ലാ മനസോടെ അഞ്ചും പത്തും പായ്ക്കറ്റ് വീതം എടുത്തു. പക്ഷേ, പാലിന്റെ വില വച്ചു നോക്കുന്പോൾ ഒന്നും മിച്ചംകിട്ടാത്ത അവസ്ഥയായിരുന്നു.
പാൽ തിളപ്പിക്കാനുള്ള വിറക് കാശു പോലും തിരിച്ചുകിട്ടുന്നില്ല എന്ന അവസ്ഥയിൽ സംരംഭം തുടക്കത്തിൽത്തന്നെ നിർത്തേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു ദന്പതികൾ.
ഗുണമേന്മയിൽ പിടിച്ചുകയറി
എന്നാൽ, തൈരിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞതോടെ നാടൻ തൈര് ചോദിച്ചു കടകളിൽ കൂടുതൽ ആവശ്യക്കാരെത്തി. അതോടെ അഞ്ചു കവർ എടുത്തിരുന്ന കടക്കാർ അതിൽ കൂടുതൽ വാങ്ങി വയ്ക്കാൻ തുടങ്ങി.
പതിയെ തൈര് എടുക്കുന്ന കടകളുടെ എണ്ണവും കൂടിവന്നു. ഇതോടെ ഇതുകൊണ്ട് ഉപജീവനം നടത്താമെന്ന ആത്മവിശ്വാസം ഇവർക്കുണ്ടായി.
ഇപ്പോൾ ഒരു ദിവസം 300 കവർ തൈര് ഇവർ ഒരു ദിവസം വിൽക്കുന്നുണ്ട്. ജെയ്നമ്മയാണ് പാക്കിംഗ് ജോലികൾ നടത്തുന്നത്.
ഒരു ചെറിയ സീലറിലാണ് പായ്ക്ക് ചെയ്യുന്നത്. കടകളിൽ എത്തിച്ചു വിതരണം ചെയ്യുന്നതു മാത്യുവും. പുന്നപ്ര കാർമൽ പോളിടെക്നിക്കിൽ സിവിൽ എൻജിനിയറിംഗിനു പഠിക്കുന്ന സെബിൻ, ഏഴാം ക്ലാസ് വിദ്യാർഥിനി സ്റ്റെഫിമോൾ എന്നിവരുടെ പഠനച്ചെലവും കുടുംബത്തിന്റെ മറ്റു ചെലവുകളും മുന്നോട്ടുപോകുന്നത് ഈ സംരംഭത്തെ ആശ്രയിച്ചാണെന്നു ദന്പതികൾ പറയുന്നു. ഫോൺ: 7510845836.