ലോക റിക്കാഡ് സ്വന്തമാക്കാൻ മനുഷ്യൻ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ നിന്ന് ലോക റിക്കാഡ് ‘ഡെത്ത് ഡൈവ്’ ചെയ്യാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. 21 കാരനായ വാലി ഗ്രഹാം എന്ന യുവാവ് ആണ് ഡെത്ത് ഡൈവ് ചെയ്ത് ഗുരുതരാവസ്ഥയിലായത്.
വലിയ കുളത്തിലേക്ക് വാലി ചാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൂറ്റൻ കുന്നിൻ മുകളിൽ നിന്ന് 42 മീറ്റർ താഴ്ചയുള്ള കുളത്തിലേക്കാണ് അദ്ദേഹം എടുത്ത് ചാടിയത്. താഴേക്ക് ചാടുന്ന സമയത്ത് വാലി തിരിഞ്ഞ് മറിയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
കുന്നിന്റെ മുകളിൽ നിന്ന് വളരെ കൃത്യമായാണ് അദ്ദേഹം കുളത്തിലേക്ക് വീണത്. എന്നാൽ ചാട്ടത്തിൽ വാലിയുടെ തലയും മുഖവും കുളത്തിന്റെ അടിത്തട്ടിലെ പാറക്കെട്ടിൽ ശക്തമായി ഇടിച്ചു. ഇതോടെ വാലിയുടെ തലയോട്ടിയില്‍ ഗുരുതരമായ പരിക്കേറ്റു. പുറത്തേറ്റ പരിക്കുകളും ഗുരുതരമാണ്. കര്‍ണപടലം പൊട്ടിയ വാലിയ്ക്ക് വീഴ്ചയിക്കിടെ മസ്തിഷ്കാഘാതവും സംഭവിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.