അമ്മയായതിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ തെരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നുവെന്നും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ ദുഅയ്ക്കാണെന്നും ദീപിക വ്യക്തമാക്കുന്നു.
അവധി ദിവസങ്ങളില്‍ എന്റെ ‘മീ ടൈം’ മകളെ ചുറ്റിപ്പറ്റിയാണ്. ഒരു സാധാരണ അമ്മയെ പോലെയാണ് ഇപ്പോള്‍ എന്റെ ജീവിതവും. ഒരു അവധി ദിവസം ഞാന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ വീടെല്ലാം ഒരുക്കി, വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. അതിനുശേഷം അടുക്കള വൃത്തിയാക്കും. എല്ലാ സാധനങ്ങളും ഒരാഴ്ച്ചത്തേക്ക് സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കും. ദുഅയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്യും. ഇതിനോടൊപ്പം വസ്ത്രങ്ങളെല്ലാം അലക്കും. ഏതൊരു അമ്മയേയും പോലെയാണ് ഞാനും.
സെലിബ്രിറ്റി ജീവിതം മുഴുവന്‍ ഗ്ലാമറസാണെന്ന് ആളുകള്‍ അനുമാനിച്ചേക്കാം. എന്നാല്‍ വാസ്തവത്തില്‍ വീടും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന മറ്റേതൊരു പുതിയ അമ്മയേയും പോലെയാണ് ഞാനും. മാതൃത്വം എനിക്ക് പുതിയ കാഴ്ച്ചപ്പാടുകള്‍ നല്കി. പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യാനും എനിക്ക് സംതൃപ്തി നല്കുന്ന സിനിമകള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു.
കുറ്റബോധമില്ലാതെ സന്തോഷത്തോടെ ജോലിക്ക് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.-ദീപിക വ്യക്തമാക്കി. 2018 നവംബറില്‍ ഇറ്റലിയിലായിരുന്നു ദീപികയുടേയും രണ്‍വീറിന്റെയും വിവാഹം. ആറു വര്‍ഷത്തിനുശേഷം 2024 സെപ്റ്റംബര്‍ എട്ടിനാണ് ഇരുവർക്കും മകള്‍ പിറന്നത്.