ചെറുതോണി: ഭര്‍ത്താവ് വീട്ടിൽ പ്രസവമെടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വാഴത്തോപ്പ് പഞ്ചായത്തിൽ മണിയാറൻകുടി- ആനക്കൊമ്പന് ചാലക്കരപുത്തന്‍വീട്ടില്‍ ജോണ്‍സന്റെ ഭാര്യ വിജി (45) യെയാണ് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിജി ഗര്ഭിണിയാണെന്നറിഞ്ഞിരുന്ന വാർഡിലെ ആശാ പ്രവർത്തക ഇവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാൻ ഇവർ കൂട്ടാക്കിയിരുന്നില്ല. ഇന്നലെ രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തി. വിജിയുടെ പ്രസവം കഴിഞ്ഞെന്നും കുഞ്ഞ് മരിച്ചെന്നും ഭർത്താവ് പറഞ്ഞു.
രക്തസ്രാവം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിജിയെ ആശുപ്രതിലേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഇവര്‍ അനുസരിച്ചില്ല. തുടർന്ന് ഉദ്യോഗസ്ഥര്‍ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ബലമായി വിജിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതു കൂടാതെ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവരുടെ പ്രസവവും ഇയാള്‍ തന്നെയാണെടുത്തതെന്ന് പറയുന്നു. കുട്ടികളെ സ്കൂളില്‍ ചേര്‍ത്തിട്ടില്ല. സമീപവാസികളുമായി ഇവര്‍ കൂടുതല്‍ ഇടപഴകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടി മരിച്ചതെങ്ങനെയെന്നോ, പ്രസവശേഷമാണോ മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ അറിയാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഭർത്താവ് വീട്ടിൽ അശാസ്ത്രീയമായി പ്രസവമെടുത്തതിനാലാണ് കുട്ടി മരിച്ചതെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.