ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെ ഇരുൾ മൂടിക്കിടക്കുന്ന വനഭൂമിക്കുള്ളിലെ ദുരൂഹതകളോരോന്നായി മറനീക്കി പുറത്തുവരികയാണ്. പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ മറവുചെയ്ത ഇടങ്ങളാണെന്നു കാണിച്ചുനൽകിയ 13 പോയിന്റുകളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയത്.
ഇതിൽ ഓരോ സ്ഥലവും കുഴിച്ചു പരിശോധിക്കാനാണ് തീരുമാനം. എന്നാൽ, നേത്രാവതി പുഴക്കരയോടു ചേർന്ന് ആദ്യം അടയാളപ്പെടുത്തിയ അഞ്ചിടങ്ങളും പത്തടിയോളം ആഴത്തിൽ കുഴിച്ചുനോക്കിയിട്ടും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കിട്ടിയില്ല. ധർമസ്ഥലയിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ ഒരുങ്ങിയിറങ്ങിയവർക്ക് ആദ്യഘട്ടത്തിൽ ഇത് വലിയ നിരാശയായി.
പക്ഷേ ഈ അനിശ്ചിതാവസ്ഥ അധികമൊന്നും നീണ്ടില്ല. പരിശോധനയുടെ മൂന്നാംദിവസം പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോൾ കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. കാലപ്പഴക്കം മൂലം ദ്രവിച്ച് പലവഴിക്കായി ചിതറിത്തുടങ്ങിയിരുന്നെങ്കിലും കൂടുതൽ ഭാഗങ്ങളും വീണ്ടെടുക്കാനായി.
പക്ഷേ ഇതൊരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തിന് കൈമാറിയിരിക്കുകയാണ്. ധർമസ്ഥലയിൽ ഗൂഢസംഘങ്ങൾക്കെതിരേ പ്രതികരിക്കാൻ ശ്രമിച്ച ഏതാനും പുരുഷന്മാരും കൊല്ലപ്പെട്ടിരുന്നതായി പരാതിക്കാരന്റെ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്.
അതേസമയം ധർമസ്ഥലയിൽ ദുരൂഹമായൊന്നും സംഭവിക്കുന്നില്ലെന്ന് തുടക്കംമുതൽ വാദിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് അധികൃതർ ഇതിനും ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 2005ൽ പഞ്ചായത്തിനു കീഴിൽ പൊതുശ്മശാനം സ്ഥാപിക്കുന്നതിനുമുമ്പ് അനാഥ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത് പുഴക്കരയിലായിരുന്നുവെന്നാണ് അവരുടെ വിശദീകരണം.
ആദ്യം കുഴിച്ച അഞ്ച് സ്ഥലങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഒരു സ്ത്രീയുടേതെന്ന് സംശയിക്കാവുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലക്ഷ്മി എന്ന പേരിലുള്ള പാൻ കാർഡും ഒരു പുരുഷന്റെ പേരിലുള്ള എടിഎം കാർഡും ലഭിച്ചിരുന്നു. ചുവന്ന നിറത്തിലുള്ള ബ്ലൗസിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. ഇതും തുടരന്വേഷണങ്ങളിലേക്ക് വാതിൽ തുറക്കാവുന്ന തെളിവുകളാണ്.
ആദ്യം പരിശോധന നടത്തിയ അഞ്ചു സ്ഥലങ്ങളും പുഴയോട് വളരെ ചേർന്നായതിനാൽ മഴക്കാലത്ത് പുഴ കരകവിയുമ്പോൾ അവശിഷ്ടങ്ങൾ ഒഴുകിപ്പോയിരിക്കാനിടയുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കൂടുതൽ വനത്തിനുള്ളിലേക്ക് നീങ്ങിയപ്പോൾ അവശിഷ്ടങ്ങൾ കിട്ടിയത്. അടുത്ത ദിവസങ്ങളിൽ പരിശോധിക്കാനുള്ള സ്ഥലങ്ങൾ വനത്തിലൂടെ കടന്നുപോകുന്ന റോഡുകൾക്കു സമീപമാണ്. ഇവിടങ്ങളിൽ നിന്ന് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.
പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെട്ട ഡിഐജി എം.എൻ. അനുചേത്, എസ്പി ജിതേന്ദ്രകുമാർ ദയാമ, പുത്തൂർ അസി. കമ്മീഷണർ (സബ് കളക്ടർ) സ്റ്റെല്ലാ വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സനികം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. പോലീസിനൊപ്പം ഫോറൻസിക് വിദഗ്ധരും വനം, റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളാണ് ഓരോ ഇടങ്ങളും കുഴിച്ച് പരിശോധന നടത്തുന്നത്.
ജെസിബി എത്തിക്കാവുന്ന ഇടങ്ങളിൽ വനംവകുപ്പിന്റെ അനുമതിയോടെ ജെസിബി ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. വെളിപ്പെടുത്തലിൽ പറയുന്ന മൂന്നടിയോളം താഴ്ചയിൽ തൊഴിലാളികൾ കുഴിച്ചതിനു ശേഷം ജെസിബി കൊണ്ടുവന്ന് അതിനു താഴെ ആറടിയോളം കുഴിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയുടെ എല്ലാ ഘട്ടങ്ങളും ഡ്രോൺ കാമറ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തുന്നുണ്ട്.