ചാത്തന്നൂർ: പൂയപ്പള്ളി നെല്ലി പറമ്പിൽ രണ്ട് വയോധികർക്കും ചാത്തനൂരിൽ ആറു പേർക്കും തെരുവുനായയുടെ കടിയേറ്റു. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നെല്ലിപ്പറമ്പ് സരസ്വതിവിലാസത്തിൽ സരസ്വതിയമ്മ, വലിയവിള വീട്ടിൽ രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് തെുരുവുനായയുടെ കടിയേറ്റത്.
വീടിന്റെ മുറ്റത്തു നിന്ന സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും കൈയിലും കാലിലുമാണ് നായ കടിച്ചത്. അവിടെ നിന്നും ഓടിയ നായസമീപത്തെ റോഡിൽക്കൂടി നടന്നു പോവുകയിരുന്ന രാജേന്ദ്രൻ ഉണ്ണിത്താനെ ആക്രമിക്കുകയായിരുന്നു. ഉണ്ണിത്താന്റെ മുഖത്തും തുട ഭാഗത്തും നിരവധിതവണ നായ കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ചുവിട്ട് ഇവര രക്ഷപ്പെടുത്തിയത്.
അക്രമകാരിയായ നായക്ക് പിന്നാലെ മറ്റ് അഞ്ചോളം തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ സരസ്വതിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും രാജേന്ദ്രൻ ഉണ്ണിത്താനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ചാത്തന്നൂരിൽ കഴിഞ്ഞ ദിവസമാണ് ആറുപേർക്ക് നായയുടെ കടിയേറ്റത്. ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം സ്റ്റേഷനറി കട നടത്തുന്ന വിളപ്പുറം സ്വദേശിയായ മോഹനനെ കടയ്ക്കുള്ളിൽ കയറിയാണ് നായ കടിച്ചത്. അവിടെ നിന്നും ഓടിയ നായ ബ്ലോക്ക് ഓഫീസിലേയ്ക്കുള്ള റോഡിലൂടെ ഓടുകയായിരുന്നു .ഇതിനിടയിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ വഴിയാത്രക്കാരും പരിസരവാസികളുമായ അഞ്ചു പേരെ കടിച്ചു. പലരേയും ആക്രമിക്കാനും ശ്രമിച്ചു.
മിക്ക പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമാണ്. നായ്ക്കളെ പേടിച്ച് ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കുട്ടികളെ രക്ഷിതാക്കൾ വിദ്യാലയങ്ങളിൽ കൊണ്ടുവിടുകയായാണിപ്പോൾ. കോഴി, താറാവ്, ആട് തുടങ്ങിയ വളർത്ത് ജീവികളെ കൂട്ടിൽ നിന്നിറക്കാൻ കഴിയില്ല.
വല്ലപ്പോഴും പുറത്തിറക്കിയാൽ ഇവയ്ക്ക് കാവൽ നിൽക്കണം. അല്ലെങ്കിൽ കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ കൊന്ന് തിന്നും. രാത്രി കാലങ്ങളിൽ നായ്ക്കൾ വീട്ടിൽ കയറി കുട്ടികളെ ആക്രമിച്ച സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.