ഭൂമിയില്‍നിന്നു പതിനായിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങൾക്ക് പക്ഷികൾ പലപ്പോഴും ഭീഷണി സൃഷ്ടിക്കാറുണ്ട്. വിമാനച്ചിറകില്‍ പക്ഷികൾ ഇടിച്ചാല്‍ വിമാനം തകരുകവരെ ചെയ്തേക്കാം. ഇനി പക്ഷികൾ വിമാനത്തിനുള്ളില്‍ കയറിയാൽ എന്താകും സ്ഥിതി. അത്തരമൊരു സംഭവം കഴിഞ്ഞദിവസം ഡെല്‍റ്റാ എയര്‍ലൈന്‍സിൽ ഉണ്ടായി.
മിനിയാപൊളിസിലെ സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നു പറന്നുയരാന്‍ തയാറെടുക്കുന്നതിനിടെ വിമാനത്തിനുള്ളില്‍ ഒരു പ്രാവിനെ കാണുകയായിരുന്നു. പ്രാവ് വിമാനത്തിനുള്ളില്‍ കയറിയിട്ടുണ്ടെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ പൈലറ്റ്, വിമാനം പുറപ്പെടുന്നത് മാറ്റിവച്ചു.
അതിനിടെ യാത്രക്കാരിൽ ചിലർ പ്രാവിനെ പിടികൂടി. വീണ്ടും പറന്നുയരാനായി റണ്‍വേയിലേക്കു തിരിയവേ വിമാനത്തിൽ അതാ മറ്റൊരു പ്രാവ്. യാത്രക്കാര്‍ തങ്ങളുടെ കോട്ട് ഉപയോഗിച്ച് ആ പ്രാവിനെയും പിടിച്ചു. ഒടുവിൽ വിമാനം പുറപ്പെടുന്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. വിമാനത്തിനുള്ളിൽ പ്രാവ് പറക്കുന്നതിന്റെയും അവയെ പിടികൂടുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാവിനെ കണ്ടതോടെ പരിഭ്രാന്തിയിലായ യാത്രക്കാരായ ചില സ്ത്രീകൾ അലറിക്കരയുന്നതു വീഡിയോയില്‍ കേൾക്കാം.