തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. പട്ടിയെപോലെ തല്ലിയിട്ടുണ്ട്. ആഹാരം തന്നില്ല. കൊല്ലംജില്ലയില്‍ ജനിച്ചുവളര്‍ന്നു ഭര്‍ത്താവിനൊടൊപ്പം ഷാര്‍ജയില്‍ താമസിക്കുമ്പോള്‍ പിഞ്ചുകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്ത വിപഞ്ചിക എന്ന യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നന്നതാണ്. വിപഞ്ചികയും ഭര്‍ത്താവ് നിതീഷും മകള്‍ വൈഭവിയുമായി സന്തോഷത്തോടെ കഴിയുന്ന ഒരു കുടുംബമായിട്ടാണ് അയല്‍വാസികള്‍ പോലും കരുതിയിരുന്നത്.
അവര്‍ക്കിടയില്‍ ഇത്രയ്ക്ക് വലിയ പ്രശ്നമുണ്ടെന്ന് മരണവാര്‍ത്ത കേട്ടപ്പോഴാണ് പലര്‍ക്കും മനസിലായത്.കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഭര്‍ത്താവ് നിതീഷുമായി വിപഞ്ചിക ഒരു വര്‍ഷത്തിലേറെയായി അകല്‍ച്ചയില്‍ കഴിയുക ആയിരുന്നു. ഈ സമയത്ത് താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്ദതെക്കുറിച്ചു അടുത്ത ഒരു ബന്ധുവിന് അയച്ച ശബ്ദസന്ദേശം ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ വിപഞ്ചിക ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വീട്ടുകാര്യങ്ങളും കുഞ്ഞിനെയും നോക്കുന്നതെല്ലാം താന്‍ മാത്രമാണെന്നും ഒരു പട്ടിക്കുഞ്ഞിനെ പോലെയാണ് മകള്‍ വീട്ടില്‍ കിടക്കുന്നത്. ഭര്‍ത്താവായ നിതീഷ് അയാളുടെ കാര്യം മാത്രം നോക്കി നടക്കുക ആണെന്നും വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
‘ഒരു വര്‍ഷത്തിനിടയ്ക്ക് കൊച്ചിനെ നാലോ അഞ്ചോ തവണ മാത്രമേ അയാള്‍ പുറത്ത് കൊണ്ടു പോയിട്ടുള്ളൂ. അതും നാട്ടുകാരെ ബോധിപ്പിക്കാന്‍ മാത്രം. പലപ്പോഴും അമ്പലത്തിലോ മറ്റോ ഒന്നു കൊണ്ടുപോയാലായി. എന്നാല്‍ അയാള്‍ അയാളുടെ സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം എപ്പോഴും യാത്ര ചെയ്ത് സന്തോഷത്തോടെ കഴിയുകയാണ്.
അയാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ മറ്റുള്ളവരോട് പറയാന്‍ പറ്റാത്തവിധം വളരെ മോശമാണ്. ഇതൊക്കെ സഹിച്ചു ഞാനും മോളും ഇവിടെ ഉരുകിയുരുകി കഴിയുകയാണ്’ ശബ്ദസന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.പണത്തോട് ഇത്രക്ക് ആര്‍ത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല, എന്റെ കുടുംബം എന്നെ കഷ്ടപ്പെട്ട് കെട്ടിച്ചയച്ചിട്ട് ഒടുവില്‍ വന്നുപെട്ടത് ഇങ്ങനെയൊരു ദുരിതത്തില്‍ ആണ്. അയാളുടെ സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഈ കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും യുവതി ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവ് നിതീഷ് കഴിഞ്ഞ ദിവസം വിവാഹ മോചനനോട്ടീസ് അയച്ചിരുന്നു. ഈ സംഭവം വിപഞ്ചികയെ മാനസികമായി തളര്‍ത്തി. കുടുംബം ഏര്‍പ്പെടുത്തിയ കൊല്ലത്തുള്ള ഒരു അഭിഭാഷകനുമായി വിപഞ്ചിക സംസാരിച്ചിരുന്നു. എല്ലാത്തിനും പോംവഴി ഉണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അഭിഭാഷകന് വിപഞ്ചികയ്ക്ക് ഉറപ്പ് നല്കി.
പക്ഷെ,ആ മറുപടിയില്‍ യുവതിക്ക് തൃപ്തികരമായിരുന്നില്ല. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിന്റെ കുടുംബത്തെ വെട്ടിലാക്കുന്നത്.’ പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല, ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും, ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, അമ്മായിയച്ഛന് മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു ഇങ്ങനെ നിരവധി ആരോപണങ്ങളാണ് മരണകുറിപ്പില്‍ ഉള്ളത്.
കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഒരുപാട് കാശുള്ളവരാണ്. എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
വിപഞ്ചികയ്ക്കു പിന്നാലെ അതുല്യ
രണ്ടാഴ്ച മുമ്പു കേരളത്തിന്റെ നെഞ്ചിലെ തീരാവേദനയായിരുന്നു വിപഞ്ചിക. സ്വപ്നം കണ്ട ജീവിതം വഴിമാറിയപ്പോള്‍ ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞിനെയും കൂട്ടി ഈ ലോകം വിട്ടുപോയവള്‍…മരണത്തെ പുല്കുന്നതിനു മുമ്പ് താന്‍ അനുഭവിച്ചതെല്ലാം അവള് കുറിപ്പുകളില്‍ കോറിയിട്ടു. ശബ്ദശകലങ്ങളായി ഈ ലോകത്തോട് വിളിച്ചുപറഞ്ഞു. ആ വേദനമായും മുമ്പാണ് പ്രവാസലോകത്തു നിന്നുതന്നെ സമാനമായ മറ്റൊരു വാര്‍ത്തയെത്തുന്നത്. ഷാര്‍ജയില്‍ ജീവനൊടുക്കിയത് കൊല്ലം കോയിവിള സ്വദേശി അതുല്യ. താന്‍ അനുഭവിച്ച നരകയാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞായിരുന്നു വെള്ളിയാഴ്ച അതുല്യയും വിടപറഞ്ഞത്
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചികയും മകള്‍ വൈഭവിയും. ഇപ്പോള്‍ അതുല്യ… ഒരേ ജില്ലക്കാരായ രണ്ടു യുവതികള്‍. മരണത്തില്‍ പോലും സമാനത. ഭര്‍ത്താവിന്റെ ക്രൂരതയില്‍ ഇരുവരും ജീവനൊടുക്കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍…. മൂന്നു മരണങ്ങള് സൃഷ്ടിച്ച ആഘാതത്തിലാണ് മലയാളികള്‍. കൊല്ലം സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് അതുല്യയെ ക്രൂരമായി മര്‍ദിക്കുന്നത് പതിവെന്ന് കുടുംബം ആരോപിക്കുന്നു. ആത്മഹത്യക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്റെ യാതന തുറന്നുകാണിക്കുന്ന ദൃശ്യങ്ങള്‍ അതുല്യ സുഹൃത്തിനും, മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സഹോദരിയ്ക്കും അയച്ചുനല്‍കിയിരുന്നു. താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്നു ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.
വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസിലായിരുന്നു വിവാഹം. വഴക്കിനു ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞു പ്രശ്നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു.
സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിനു പ്രശ്നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ഇതിനിടെയാണ് അതുല്യയെ തൂങ്ങി മരിച്ചനിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഈ ദിവസം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് ഷാര്‍ജയിലേക്ക് അതുല്യയെ സതീഷ് കൊണ്ടുപോകുന്നത്. എന്നാല്‍ വിദേശത്ത് എത്തിയതോടെ സതീഷിന്റെ സ്വഭാവം മാറിയെന്നാണ് അതുല്യ ബന്ധുക്കളോട് പറഞ്ഞിരുന്നത്. സമാനതകളില്ലാത്ത ഭര്‍തൃപീഡനമാണ് അതുല്യ അനുഭവിച്ചുകൊണ്ടിരുന്നത്. 24 മണിക്കൂറും വീട്ടില്‍ പൂട്ടിയിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂരമായ മര്‍ദനമാണ് അതുല്യ ഏറ്റുവാങ്ങിയിരുന്നത്.
മകളെ ഓര്‍ത്ത് താന്‍ ജീവിക്കുകയാണെന്നായിരുന്നു അതുല്യ ബന്ധുക്കളേട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് അതുല്യക്ക് ജോലി ലഭിക്കുന്നത്. എന്നാല്‍ അതുല്യയെ ജോലിക്ക് വിടാന്‍ സതീഷിന് താത്പര്യം ഇല്ലായിരുന്നു. ഒരു സൈക്കോയെ പോലെ സതീഷ് പെരുമാറുന്നുവെന്ന് ബന്ധുക്കളെ അതുല്യ അറിയിച്ചിരുന്നു. താന്‍ മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു അതുല്യ. സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവിനും, മാതാവിനൊപ്പം താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.
സൂര്യനാരായണന്