തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രിക്രിയ ഉപകരണ ക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിന് ആരോഗ്യവകുപ്പ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം മറുപടി നല്കി.ജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണം ഇല്ലാത്തതിനാല്‍ സര്‍ജറികള്‍ മുടങ്ങുകയാണെന്ന് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരോട് രേഖാമൂലം അറിയിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ നടപടി ഉണ്ടാകാത്തതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നതെന്നാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലുടെ പറഞ്ഞ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റം അദ്ദേഹം നിഷേധിച്ചു. തുറന്ന് പറച്ചില് നടത്തിയത് ചട്ടലംഘനമാണ് അതിന് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വാസ്തവമായിരുന്നു. ഉപകരണ ക്ഷാമത്തില്‍ നടപടിയെടുക്കാതെ അധികൃതര്‍ അലംഭാവം കാട്ടിയതിനാലാണ് തുറന്ന് പറച്ചില് നടത്തേണ്ടി വന്നത്. രോഗികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയതിനാലാണ് ഉപകരണ ക്ഷാമത്തെക്കുറിച്ച് നിരവധി തവണ രേഖാമൂലം കത്ത് നല്കി അധികൃതരോട് സഹായം അഭ്യര്‍ത്ഥിച്ചത്.
മെഡിക്കല്‍ കോളജില്‍നിന്നു പ്രോബ് എന്ന ഉപകരണം ലഭിക്കാത്തതിനാല്‍ യൂറോളജി രണ്ടാം യൂണിറ്റിലെ ഡോ. പി.ആര്. സാജു സ്വന്തം ചെലവില്‍ പ്രോബ് വാങ്ങി.ഒരു ഡോക്ടര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവഴിച്ച് വാങ്ങിയ ഉപകരണം ആവശ്യപ്പെടുന്നത് തെറ്റാണെന്ന് ബോധ്യമുള്ളതിനാലാണ് ഉപകരണം ചോദിച്ച് വാങ്ങാതിരുന്നതെന്നും ഡോ. ഹാരിസ് വിശദീകരണം നല്കി.
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിച്ച നാലംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഹാരിസിനെതിരായിരുന്നു. പ്രിന്‍സിപ്പലും മെഡിക്കല്‍ കോളജ് സൂപ്രണ്ടും ഡോ. ഹാരിസിനെ സംശയനിഴലിലാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് മന്ത്രിയുമായി കെജിഎംസിടിഎ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഡോ. ഹാരിസിനോട് നേരത്തെ വിശദീകരണം ചോദിച്ച് നല്കിയ നോട്ടീസില്‍ അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ പി.കെ. ജബാറിനാണ് അദ്ദേഹം രേഖാമൂലം വിശദീകരണം നല്‍കിയത്. ഈ വിശദീകരണ കുറിപ്പ് പ്രിന്‍സിപ്പള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് ഇന്ന് സമര്‍പ്പിക്കും.