കണ്ണൂർ: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നവരുടെ എണ്ണത്തിൽ വർധന. പിഴയിനത്തിൽ വരുമാനം കൂട്ടി സർക്കാർ. നിലവിൽ 40 പേരടങ്ങുന്ന ഒരു ബാച്ചിന്റെ ടെസ്റ്റിൽ പകുതി പേരും പരാജയപ്പെടുന്നതായാണു റിപ്പോർട്ട്. മുന്പ് ഡ്രൈവിംഗ് ടെസ്റ്റിന് തോൽക്കുന്നവരിലേറെയും എച്ച്, എട്ട് എടുക്കുന്നവർ ആയിരുന്നു. റോഡ് ടെസ്റ്റിൽ തോൽക്കാറില്ലായിരുന്നു.
എന്നാൽ, ഇപ്പോൾ ഗ്രൗണ്ടിൽ ജയിച്ചാലും റോഡിൽ ഓടിക്കുമ്പോൾ തോറ്റുപോകും. എന്നിരുന്നാലും തോൽവി കൂടുന്നത് സർക്കാരിനു വരുമാനമായി മാറുകയാണ്. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റാൽ അടുത്ത ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാൻ 200 രൂപ ഫീസടയ്ക്കണം. ആറുമാസമാണു ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി.
ഇതിന്റെ കാലാവധി പൂർത്തിയായാൽ 300 രൂപ ഫീസടച്ച് വീണ്ടും ലേണേഴ്സ് എഴുതണം. ആദ്യം തോൽക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഫീസിനുള്ള പഠിത്തം കഴിഞ്ഞു. പിന്നെ പഠിക്കണമെങ്കിൽ മണിക്കൂറിനു 400 രൂപ റേറ്റ് ആണ്.
ടെസ്റ്റിന് ഡേറ്റ് എടുക്കുന്നവർക്ക് അടുത്ത ദിവസങ്ങളിൽ ഡേറ്റും കിട്ടില്ല. ആഴ്ചയിൽ എല്ലാ ദിവസവും ഡ്രൈവിംഗ് ടെസ്റ്റില്ല. ചില ഓഫീസിൽ രണ്ട് ദിവസം, മൂന്ന് ദിവസം, വലിയ തിരക്കുള്ള സ്ഥലങ്ങളിൽ പരമാവധി നാലു ദിവസം എന്നിങ്ങനെയാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്.
അതിനാൽ, ഇതരസംസ്ഥാന ലൈസൻസുകളെയാണ് കൂടുതൽ പേരും ഇപ്പോൾ ആശ്രയിക്കുന്നത്. ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. വാഹൻ സോഫ്റ്റ്വയറിലെ സാരഥി ഡാഷ് ബോർഡിൽ കിട്ടുന്ന കണക്കനുസരിച്ചു 2021 ൽ 7,89,989 പേർക്ക് പുതിയ ലൈസൻസ് നൽകി.
2022 ൽ 7,69,666, 2023 ൽ 6,36,627 എന്നിങ്ങനെയാണു ലൈസൻസ് എടുത്തവരുടെ എണ്ണം. 2024 ൽ 4,54,833 ആയി കുറഞ്ഞു. 2025 ജൂൺ 27 വരെ 2,19,036 പേർക്ക് മാത്രമാണു ലൈസൻസ് കൊടുത്തത്.
- റെനീഷ് മാത്യു