കൊച്ചി നഗരത്തില്‍ വന്‍ലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുമ്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗോവയില്‍ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകള്‍ പ്രധാനമായും വിലപ്ന നടത്തിയിരുന്നത് നിശാപാര്‍ട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോസ്ഥര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്പന നടത്തിയിരുന്ന സനീഷിന്റെ മൊബൈല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാല്‍ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.
ലഹരി ചില്ലറ വില്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് നിശാപാര്‍ട്ടികള്‍ക്കായി വലിയ അളവില്‍ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്‌സൈസ് സനീഷിനെ വലയിലാക്കിയത്. വന്‍ തോതില്‍ ഇയാള്‍ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീരീക്ഷണത്തിലായിരുന്നു സനീഷ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന. ഒരു യുവസംവിധായകന്റെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. അതേസമയം, സനീഷില്‍ മാത്രമായി അന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവാണ്.
ഡാന്‍സ് പാര്‍ട്ടികളില്‍ വിതരണം ചെയ്യുന്നതിനായി ഗോവയില്‍ നിന്നു കാറില്‍ കൊണ്ടുവന്ന 83.75 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുകളുമായാണ് ഇയാളെ വ്യാഴാഴ്ച കുണ്ടന്നൂരില്‍ പിടികൂടിയത്. കൊക്കെയ്ന്‍, ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ ലഹരിമരുന്നുകളാണു പിടിച്ചെടുത്തത്. വ്യാഴാവ്ച പുലര്‍ച്ചെ 5.30ഓടെ കുണ്ടന്നൂര്‍ ട്രാഫിക് സിഗ്‌നല്‍ പരിസരത്തുനിന്നാണു സനീഷ് പിടിയിലായത്. ഗോവയില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒരു ഗ്രാമിന് 6,000 രൂപ നിരക്കിലാണ് കൊച്ചിയില്‍ വില്‍ക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണു തൊണ്ടിമുതല്‍ സഹിതം ഇയാളെ പിടികൂടാനായത്.
വിപണിയില്‍ 50 ലക്ഷം രൂപ വിലവരുന്ന കാല്‍ കിലോഗ്രാം ഹാഷിഷ് ഓയില്‍, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ന്‍, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എംഡിഎംഎ എന്നിവയാണ് ഇയാളുടെ കാറില്‍ നിന്നു കണ്ടെടുത്തത്. ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കാര്‍, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകര്‍ന്നു നല്‍കാനുള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വില്‍ക്കുന്നതിനായി വിദേശത്തുനിന്നു വരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി പറഞ്ഞു.

